അമിതമായി ചൂടേറ്റാല്‍ ഹീറ്റ്‌സ്‌ട്രോക്ക് സാധ്യത; സംഭവിച്ചാലുടന്‍ ചെയ്യേണ്ടത്

അമിതമായി ചൂടേറ്റാല്‍ ഹീറ്റ്‌സ്‌ട്രോക്ക് സാധ്യത; സംഭവിച്ചാലുടന്‍ ചെയ്യേണ്ടത്

അമിതമായി ചൂടേല്‍ക്കുന്നത് മൂലം ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് ഹീറ്റ്‌സ്‌ട്രോക്ക്. ശരീരത്തിന് ചൂട് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ശരീരതാപനില ക്രമാതീതമായി ഉയരുകയും വിയര്‍ക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്യുമ്പോഴാണ് ഹീറ്റ്‌സ്‌ട്രോക്ക് ഉണ്ടാകുന്നത്. താപാഘാതത്തിന്റെ ഏറ്റവും ഗുരുതരമായ രൂപമാണിത്. ഉടനടി ചികിത്സിച്ചില്ലെങ്കില്‍ തലച്ചോര്‍ അടക്കം ശരീരത്തിലെ സുപ്രധാന അവയവങ്ങളെ ഇത് ബാധിക്കും.

ഉയര്‍ന്ന ഊഷ്മാവില്‍ ദീര്‍ഘ നേരം ചിലവഴിക്കുന്നതിന്റെ ഫലമായി അല്ലെങ്കില്‍ ഉയര്‍ന്ന താപനിലയില്‍ ശാരീരിക അധ്വാനത്തില്‍ ഏര്‍പ്പെടുന്നത് മൂലമൊക്കെയാണ് ഹീറ്റ്‌സ്‌ട്രോക്ക് ഉണ്ടാകുന്നത്. വേനല്‍ക്കാലത്താണ് ഇത് കൂടുതലായി കാണപ്പെടുന്നത്.

ഹീറ്റ്സ്‌ട്രോക്ക് ലക്ഷണങ്ങള്‍

*40 ഡിഗ്രി സെല്‍ഷ്യസ് (104 ഡിഗ്രി ഫാരന്‍ഹീറ്റ്) അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള പനി
*മാനസിക നിലയിലോ പെരുമാറ്റത്തിലോ ഉള്ള മാറ്റങ്ങള്‍ (ആശയക്കുഴപ്പം,അവ്യക്തമായ സംസാരം)
*ചൂടുള്ള വരണ്ട ചര്‍മ്മം അല്ലെങ്കില്‍ കടുത്ത വിയര്‍പ്പ്
ഓക്കാനം, ഛര്‍ദ്ദി
*ചര്‍മ്മം ചുവന്ന് തുടുക്കുക
*ഹൃദയമിടിപ്പ് വേഗത്തിലാകുക
*ശ്വാസത്തിന്റെ വേഗത കൂടുക
*തലവേദന
*ബോധക്ഷയം

ഹീറ്റ്സ്‌ട്രോക്ക് സംഭവിച്ചാല്‍ ചെയ്യേണ്ടത്

ഹീറ്റ്‌സ്‌ട്രോക്ക് ഉണ്ടായെന്ന് ഉറപ്പായാല്‍ ആദ്യം ചെയ്യേണ്ടത് ആ വ്യക്തിയെ ചൂടില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്നതാണ്. പറ്റാവുന്ന എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് ശരീരം തണുപ്പിക്കാന്‍ ശ്രമിക്കണം. ഇതിനായി ബാത്ത് ടബ്ബില്‍ ഇരുത്തുകയോ ഷവറിന് താഴെ നിര്‍ത്തുകയോ ചെയ്യാം. അല്ലെങ്കില്‍ നനയ്ക്കാന്‍ ഉപയോഗിക്കുന്ന പൈപ്പ് ഉപയോഗിച്ച് ഇയാളുടെ ശരീരത്തിലേക്ക് വെള്ളമൊഴിക്കാം.

തണുത്ത വെള്ളത്തില്‍ മുക്കിയ സ്‌പോഞ്ച് ശരീരത്തില്‍ വച്ച് തണുപ്പിക്കാം. ഫാനിനടിയില്‍ നിര്‍ത്തുന്നതിനൊപ്പം തണുത്തവെള്ളം തളിച്ചുകൊടുക്കാം. ഐസ് പാക്കോ നനഞ്ഞ തുണിയോ കഴുത്ത്, കക്ഷം എന്നിവിടങ്ങളില്‍ വയ്ക്കാം. തണുപ്പു പകരുന്ന തുണികളില്‍ പൊതിയാം. ബോധാവസ്ഥയിലാണെങ്കില്‍ കുടിക്കാന്‍ തണുത്ത വെള്ളമോ സ്‌പോര്‍ട്ട്‌സ് ഡ്രിങ്കുകളോ നല്‍കാം. കഫീന്‍ ഇല്ലാത്ത പാനീയങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കണം. ബോധം നഷ്ടപ്പെടുകയാണെന്ന് കണ്ടാല്‍ ഉടന്‍ സിപിആര്‍ നല്‍കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.