'മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കണം'; അഡീഷണല്‍ ചീഫ് സെക്രട്ടറി ലൈഫ് മിഷന്‍ സി.ഇ.ഒയ്ക്ക് നല്‍കിയ കത്ത് പുറത്ത്

'മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കണം'; അഡീഷണല്‍ ചീഫ് സെക്രട്ടറി  ലൈഫ് മിഷന്‍ സി.ഇ.ഒയ്ക്ക് നല്‍കിയ കത്ത് പുറത്ത്

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന രേഖ കൂടി പുറത്തു വന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് 2019 ജൂലൈയില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിന് അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ കത്താണ് പുറത്തു വന്നിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് കത്തില്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ റെഡ് ക്രസന്റ് നേരിട്ട് ഭവന നിര്‍മാണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടത്തും. ഇവരുമായുള്ള ധാരണാപത്രം നടപ്പാക്കണം.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാക്കി നല്‍കണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. തനിക്ക് ലഭിച്ച നിര്‍ദേശത്തിനനുസരിച്ചാണ് ധാരണാപത്രം അടക്കമുള്ള നടപടികളിലേക്ക് കടന്നതെന്ന് യു.വി ജോസ് മുമ്പ് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയെ സാധൂകരിക്കുന്ന കത്താണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സി.എം രവീന്ദ്രനും സ്വപ്നാ സുരേഷും എം. ശിവശങ്കറും തമ്മില്‍ നടത്തിയതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചാറ്റുകള്‍ പ്രചരിച്ചിരുന്നു.

ഇതില്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്. സ്വപ്നയുമായി പരിചയമുണ്ടായിരുന്നോ, സര്‍ക്കാര്‍ തലത്തില്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ടോ എന്നിവ അറിയുകയാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിലൂടെ ഇ.ഡിയുടെ ലക്ഷ്യം.

അതിനിടെ ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ലൈഫ് മിഷന് കത്ത് നല്‍കി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് നിര്‍ദേശം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.