തിരുവനന്തപുരം: വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച കേസുകള്‍ കോടതിയില്‍ നിലനില്‍ക്കെ അവ അവഗണിച്ച് സ്വകാര്യ കമ്പനിക്ക് കോടികള്‍ കൈമാറാന്‍ വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം.
ഇപ്പോഴത്തെ കണക്കനുസരിച്ച് 8800 കോടി രൂപയുടെ വൈദ്യുതിയാണ് പ്രതി വര്‍ഷം കെ.എസ്.ഇ.ബി വാങ്ങുന്നത്. ഇതില്‍ താപ വൈദ്യുതി നല്‍കുന്ന ജാംബുവ കമ്പനിക്ക് 1000 കോടി കൈമാറാനാണ് നീക്കം.
ഇവരുമായി ഇരുപത്തിയഞ്ച് വര്‍ഷത്തേക്ക് 9000 കോടിയുടെ കരാറാണ് നിലവിലുള്ളത്. ഇതടക്കം വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുമ്പോഴാണ് പണം കൈമാറുന്നത്.
അമിതവില ചൂണ്ടിക്കാട്ടി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ജാംബുവ കമ്പനിയുമായുള്ള കരാര്‍ നിരസിച്ചിട്ടും കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുകയാണ് എന്നതാണ് വൈരുദ്ധ്യം. ഏപ്രില്‍ ഒന്നു മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് ജനത്തെ വീണ്ടും കൊള്ളയടിക്കാന്‍ പോകുന്നതും ഈ സാഹചര്യത്തിലാണ്.
കുടിശിക വരുത്തിയാല്‍ വൈദ്യുതി വിതരണം നിര്‍ത്തി വയ്ക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്ര വൈദ്യുതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വന്‍കുടിശിക വരുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേന്ദ്രം കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ല.
എന്നിട്ടും സ്വകാര്യ കമ്പനികള്‍ക്ക് തുക കൈമാറുന്നതിലാണ് ദുരൂഹത. റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിക്കാത്തതിനാല്‍ കരാര്‍ പ്രകാരമുള്ള വില പൂര്‍ണമായി നല്‍കാന്‍ ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. കമ്മിഷന്റെ തടസം നഷ്ടം വരുത്തിയെന്നാണ് ജാംബുവ കമ്പനിയുടെ നിലപാട്.
ഫ്യുവല്‍ സര്‍ചാര്‍ജ് ഇനത്തില്‍ 900 കോടി, കല്‍ക്കരി അധിക നിരക്കായി 450 കോടി, പിഴയായി 93 കോടി, ഫിക്‌സഡ് ചാര്‍ജ് തുടങ്ങിയ ഇനങ്ങളില്‍ 164.85 കോടി എന്നിവ ഉള്‍പ്പെടെ മൊത്തം 1615 കോടിയോളം രൂപ ആവശ്യപ്പെട്ട് കമ്പനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
വിധി വരും മുമ്പേ ആയിരം കോടി കൊടുത്താല്‍ കമ്പനിയുടെ വാദങ്ങള്‍ ശരി വയ്ക്കുന്നതിന് തുല്യമാകും എന്ന് വിലയിരുത്തപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.