ന്യൂഡല്‍ഹി: ബംഗളുരു എഫ്.സിയുമായുള്ള മത്സരത്തില്‍ വിവാദ ഗോളിന്റെ പേരില്‍ മത്സരം മതിയാക്കി കളിക്കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ അച്ചടക്ക നടപടിക്ക് ഒരുങ്ങി ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്). പത്ത് ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും എന്നാണറിയുന്നത്.
ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ബംഗളുരു താരം സുനില്‍ ഛേത്രിയുടെ വിവാദ ഗോള്‍ റഫറി അനുവദിച്ചതിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് മത്സരം നിര്‍ത്തി തിരിച്ചു കയറിയിരുന്നു. തുടര്‍ന്ന് കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് വിസമ്മതിച്ചതിനു പിന്നാലെ ബംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു.
റഫറിയുടെ തെറ്റായ തീരുമാനം റദ്ദാക്കി മത്സരം വീണ്ടും നടത്തണമെന്ന ആവശ്യം എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സിനെതിരായ അച്ചടക്ക നടപടി പ്രക്രിയക്ക് തുടക്കം കുറിച്ചത്.
ബ്ലാസ്റ്റേഴ്‌സ്, ബംഗളൂരു ക്ലബ് പ്രതിനിധികള്‍, റഫറിമാര്‍, ഐ.എസ്.എല്‍ അധികൃതര്‍ തുടങ്ങിയവരുടെയൊക്കെ വാദം കേട്ടതിനു ശേഷമായിരിക്കും അച്ചടക്ക സമിതിയുടെ നടപടി. ഇതിന് പത്ത് ദിവസം വരെ എടുത്തേക്കാമെന്നാണ് എ.ഐ.എഫ്.എഫ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ആറ് ലക്ഷം രൂപ വരെ പിഴ, പിഴ കൂടാതെ നിലവിലെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കല്‍, ഭാവിയിലെ ടൂര്‍ണമെന്റില്‍ നിന്ന് വിലക്ക് എന്നിവയാണ് ലഭിക്കാവുന്ന ശിക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.