ഇന്ത്യയുടെ വഷളാകുന്ന പാക്, ചൈനാ ബന്ധങ്ങളില്‍ ആശങ്കയെന്ന് അമേരിക്ക; ഏത് സമയവും സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം

ഇന്ത്യയുടെ വഷളാകുന്ന പാക്, ചൈനാ ബന്ധങ്ങളില്‍ ആശങ്കയെന്ന് അമേരിക്ക; ഏത് സമയവും സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം

ന്യൂഡല്‍ഹി: ഇന്ത്യ-പാക് ബന്ധം വഷളാകുന്നതായും ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം.

ഇന്ത്യ-ചൈന സംഘര്‍ഷത്തിനുള്ള സാധ്യതയെപ്പറ്റിയും അമേരിക്കന്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച്  പാക് പ്രകോപനങ്ങള്‍ക്കെതിരെ ഇന്ത്യ കൂടുതല്‍ സൈനിക ശക്തി ഉപയോഗിച്ച് മറുപടി നല്‍കുന്നുണ്ടെന്നും വിലയിരുത്തലുണ്ട്.

അമേരിക്കന്‍ ഇന്റലിജന്‍സിന്റെ ഭീഷണി വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ സംഘര്‍ഷ സാധ്യത പരാമര്‍ശിക്കുന്നത്. റിപ്പോര്‍ട്ട് ഇന്റലിജന്‍സ് വിഭാഗം യു.എസ് കോണ്‍ഗ്രസിനു മുന്‍പില്‍ സമര്‍പ്പിച്ചു.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകളടക്കമുള്ള കാര്യങ്ങള്‍ക്ക് ഇരു രാജ്യങ്ങളും തയ്യാറാവുന്നുണ്ടെങ്കിലും സ്ഥിതി ശാന്തമല്ല. 2020 ലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിന്റെ അസ്വസ്ഥതകള്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

വഷളാകുന്ന ഇന്ത്യ-പാക് ബന്ധത്തിലും യു.എസ് ഇന്റലിജന്‍സ് ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ സ്ഥിതി ശാന്തമാണെങ്കിലും ഏത് സമയവും സംഘര്‍ഷം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

തീവ്രവാദ സംഘങ്ങളെ പിന്തുണക്കുന്നതിന്റെ ദീര്‍ഘമായ ചരിത്രം പാകിസ്ഥാനുണ്ട്. ഇന്ത്യയാണെങ്കില്‍ മുന്‍പത്തേക്കാള്‍ മറുപടി നല്‍കുന്ന രാജ്യമായി മാറുകയും ചെയ്തു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഈ അസ്വസ്ഥത ഏത് സമയവും ഒരു തര്‍ക്കത്തിലേക്ക് നയിച്ചേക്കാമെന്നും കാശ്മീരില്‍ അക്രമങ്ങളും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ തീവ്രവാദി ആക്രമണങ്ങളും ഉണ്ടാകാന്‍ ഇടയാക്കിയേക്കാമെന്നും യു.എസ്. ഇന്റലിജന്‍സ് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.