കര്‍ണാടകയില്‍ ബിജെപി എംഎല്‍എസി കോണ്‍ഗ്രസില്‍; രണ്ട് മന്ത്രി മാര്‍ക്കും ചാഞ്ചാട്ടം: അമ്പരന്ന് പാര്‍ട്ടി നേതൃത്വം

കര്‍ണാടകയില്‍ ബിജെപി എംഎല്‍എസി കോണ്‍ഗ്രസില്‍; രണ്ട് മന്ത്രി മാര്‍ക്കും ചാഞ്ചാട്ടം: അമ്പരന്ന് പാര്‍ട്ടി നേതൃത്വം

ബംഗളൂരു: ബിജെപിയെ ഞെട്ടിച്ച് മറ്റൊരു മുതിര്‍ന്ന നേതാവ് കൂടി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദക്ഷിണ കര്‍ണാടകയില്‍ നിന്നുള്ള നേതാവും നാല് തവണ എംഎല്‍സി ആയിരുന്ന പുട്ടണ്ണയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തില്‍ നിന്നാണ് പുട്ടണ്ണ നിയമസഭയിലെത്തിയത്.

അദ്ദേഹത്തിന്റെ രാജി ബിജെപി ഇതുവരെ സ്വീകരിച്ചിട്ടില്ല. അതേസമയം കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരുടെ സാന്നിധ്യത്തില്‍ പുട്ടണ്ണ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

തനിക്ക് വിശദീകരിക്കാന്‍ പോലും സാധിക്കാത്ത വിധം പ്രതിസന്ധി നിറഞ്ഞ സാഹചര്യമാണ് ബിജെപിയില്‍ എന്ന് കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ പുട്ടണ്ണ പറഞ്ഞു. ദക്ഷിണ കര്‍ണാടകയില്‍ നിന്നുള്ള രണ്ട് മന്ത്രിമാര്‍ തന്നെ ബിജെപി നേതൃത്വവുമായി അകലം പാലിക്കുന്നതിനിടയിലാണ് പാര്‍ട്ടിയുടെ ആശങ്കകള്‍ ഏറ്റി പുട്ടണ്ണ കോണ്‍ഗ്രസില്‍ എത്തിയത്.

ഈ രണ്ട് മന്ത്രിമാര്‍ കൂടി ഉടന്‍ തന്നെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. മന്ത്രിമാരായ വി. സോമന്ന, എം.സി നാരായണ ഗൗഡ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.


എന്നാല്‍ സോമന്നയുടെ വരവ് കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍ മന്ത്രി കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൃഷ്ണപ്പയാണ് സോമന്നയുടെ വരവില്‍ അതൃപ്തി പ്രകടിപ്പിക്കുന്നത്.

2018 ല്‍ കൃഷ്ണപ്പയുടെ മകന്‍ പ്രിയകൃഷ്ണ സോമന്നയോട് പരാജയപ്പെട്ടിരുന്നു.സോമന്നയും കൃഷ്ണപ്പയും ഇക്കുറി മക്കള്‍ക്ക് വേണ്ടി സീറ്റ് ആവശ്യപ്പെടുന്നുണ്ട്. ഇത് കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം പരാജയ ഭീതി മൂലമാണ് നാരായണ ഗൗഡ കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ കാല് വാരി ബിജെപിയിലെത്തിയ നേതാക്കളില്‍ ഒരാളാണ് ഗൗഡ. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ഗൗഡ വിജയം ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ഇത്തവണ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത് തിരിച്ചടിയാകുമെന്ന് ഗൗഡ ഭയക്കുന്നുണ്ട്. അതേസമയം ഗൗഡയെ പാര്‍ട്ടിയിലെടുക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.