സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മാണം: പ്രതിഷേധവുമായി ഓര്‍ത്തഡോക്സ് പക്ഷം എം.വി ഗോവിന്ദനെ കണ്ടു; സര്‍ക്കാര്‍ നീക്കം സ്വാഗതം ചെയ്ത് യാക്കോബായ വിഭാഗം

സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മാണം: പ്രതിഷേധവുമായി ഓര്‍ത്തഡോക്സ് പക്ഷം എം.വി ഗോവിന്ദനെ കണ്ടു; സര്‍ക്കാര്‍ നീക്കം സ്വാഗതം ചെയ്ത് യാക്കോബായ വിഭാഗം

'പതിറ്റാണ്ടുകള്‍ നീണ്ട വ്യവഹാരത്തിന് വിരാമം കുറിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് കാറ്റില്‍ പറത്തുന്ന സര്‍ക്കാര്‍ നടപടി തങ്ങള്‍ക്ക് സ്വീകാര്യമല്ല' - ഓര്‍ത്തഡോക്സ് സഭ.

'സുപ്രീം കോടതി വിധിയില്‍ തന്നെ സര്‍ക്കാരിന് നിയമം നിര്‍മ്മിച്ച് ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാവുന്നതാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്' - യാക്കോബായ സഭ.

കോട്ടയം/കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ സഭാതര്‍ക്ക വിഷയത്തില്‍ നിയമ നിര്‍മാണത്തിനൊരുങ്ങുന്ന സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധമറിയിച്ച് ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ടു. കോട്ടയത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച്ച.


സഭാ സെക്രട്ടറി, സിനഡ് സെക്രട്ടറി, അത്മായ സെക്രട്ടറി എന്നിവരടങ്ങുന്ന സഭാ പ്രതിനിധികളാണ് പാര്‍ട്ടി സെക്രട്ടറിയെ കണ്ടത്. കൂടിക്കാഴ്ച അര മണിക്കൂര്‍ നീണ്ടു. നിലപാട് പാര്‍ട്ടി സെക്രട്ടറിയെ അറിയിച്ചതായും തങ്ങളുടെ ആശങ്കകള്‍ കേട്ട എം.വി ഗോവിന്ദന്‍ പരാതി ബന്ധപ്പെട്ട ഇടങ്ങളില്‍ അറിയിക്കാം എന്ന ഉറപ്പു നല്‍കിയിട്ടുണ്ടന്ന് സഭാ പ്രതിനിധികള്‍ പറഞ്ഞു.

നിയമ നിര്‍മാണത്തിനൊരുങ്ങുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രത്യക്ഷ സമര പരിപാടികള്‍ക്കൊരുങ്ങുകയാണ് ഒര്‍ത്തഡോക്‌സ് സഭ. ഇതിന്റെ ഭാഗമായി ഞായറാഴ്ച പ്രതിഷേധ ദിനമായി ആചരിക്കും. തിങ്കളാഴ്ച തിരുവനന്തപുരത്ത് മെത്രാപ്പോലീത്താമാരും വൈദികരും ഉപവാസം നടത്തും.

പതിറ്റാണ്ടുകള്‍ നീണ്ട വ്യവഹാരത്തിന് വിരാമം കുറിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് കാറ്റില്‍ പറത്തുന്ന സര്‍ക്കാര്‍ നടപടി തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് സഭ.


സമാന്തര ഭരണം അംഗീകരിക്കാവുന്നതല്ലെന്നും 1934 ലെ ഭരണഘടന അനുസരിച്ച് മെത്രാപ്പോലീത്താ നിയമിക്കുന്ന വൈദികര്‍ക്ക് മാത്രമേ ഭരണം നടത്താന്‍ കഴിയൂ എന്ന വിധി നിലനില്‍ക്കേ കോടതി വിധിക്ക് കോട്ടം വരാതെ അനധികൃതമായി ആരാധനാ സ്വാതന്ത്ര്യം അനുവദിക്കാന്‍ എങ്ങനെ കഴിയുമെന്നും ഓര്‍ത്തഡോക്‌സ് പക്ഷം ചോദിക്കുന്നു.

എന്നാല്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന യാക്കോബായ-ഓര്‍ത്തഡോക്സ് സഭാതര്‍ക്കം ശാശ്വതമായി പരിഹരിക്കുന്നതിന് ഇടതു മുന്നണിയും സംസ്ഥാന സര്‍ക്കാരും കൈകൊണ്ടിട്ടുള്ള തീരുമാനങ്ങളെ യാക്കോബായ സുറിയാനി സഭയുടെ വര്‍ക്കിംഗ് കമ്മറ്റി മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്വാഗതം ചെയ്തു.

സഭാ തര്‍ക്കം പരിഹരിക്കുവാന്‍ നിയമ നിര്‍മ്മാണത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത ഇടതുപക്ഷ മുന്നണിയുടെ നിലപാട് ജനാധിപത്യ സംരക്ഷണത്തിലൂന്നിയുള്ള ശക്തമായ തീരുമാനമാണന്ന് യോഗം വിലയിരുത്തി.

സുപ്രീം കോടതി വിധിയില്‍ തന്നെ സര്‍ക്കാരിന് നിയമം നിര്‍മ്മിച്ച് ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാവുന്നതാണെന്ന് കൃത്യമായി പറഞ്ഞിട്ടുള്ളത് ഓര്‍ത്തഡോക്സ് സഭ സൗകര്യ പൂര്‍വ്വം വിസ്മരിക്കുകയാണ്. യാക്കോബായ സഭയുടെ ദേവാലയങ്ങളില്‍ നിന്ന് സഭ ആരെയും മാറ്റി നിര്‍ത്തുകയില്ല.

തര്‍ക്കമുള്ള ദേവാലയങ്ങളില്‍ ഭൂരിപക്ഷം ഇടവക വിശ്വാസികളുടെ തീരുമാന പ്രകാരം ആ പള്ളിയുടെ ഭരണനിര്‍വ്വഹണവും ആരാധനയും കര്‍മ്മങ്ങളും നടക്കണമെന്നാണ് പൊതുജനത്തിന്റെയും നിലപാടെന്ന് യാക്കോബായ പക്ഷം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.