കേരളത്തിലും എച്ച്3 എൻ2 വ്യാപനം?: 10 ദിവസത്തിനിടെ പനി ബാധിച്ചത് എൺപതിനായിരത്തിലധികം പേർക്ക്; കാരണം കണ്ടെത്താൻ പരിശോധന തുടങ്ങി

കേരളത്തിലും എച്ച്3 എൻ2 വ്യാപനം?: 10 ദിവസത്തിനിടെ പനി ബാധിച്ചത് എൺപതിനായിരത്തിലധികം പേർക്ക്; കാരണം കണ്ടെത്താൻ പരിശോധന തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തും എച്ച്3 എൻ2 വൈറസ് വ്യാപനം ഉണ്ടായതായി സംശയം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ എൺപതിനായിരത്തിലധികം പേരാണ് സർക്കാർ ആശുപത്രികളിൽ മാത്രം പനിക്ക് ചികിത്സ തേടിയത്.

എച്ച്3 എൻ2 വൈറസ് വ്യാപനമുണ്ടോയെന്ന് കണ്ടെത്താനായി സ്രവ പരിശോധന ഇന്ന് ആരംഭിക്കും. പനി, തൊണ്ടവേദന, ചുമ എന്നീ ഇൻഫ്ളുവൻസ ലക്ഷണമുള്ളവരുടെ സാമ്പിളുകൾ പരിശോധിക്കാൻ ഡോക്ടർമാർക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.

മാർച്ച് ഒന്നിനാണ് ഏറ്റവും കൂടുതൽ പേർ പനിക്ക് ചികിത്സ തേടിയത്. 9480 പേരാണ് ചികിത്സ തേടിയത്. മാർച്ച് രണ്ടിന് 8221പേരും മാർച്ച് മൂന്നിന് 8191പേരും മാർച്ച് നാലിന് 8245പേരും മാർച്ച് അഞ്ചിന് 3642പേരും സർക്കാർ ആശുപത്രികൾ പനിക്ക് ചികിത്സ തേടി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 17, 532പേർ പനി കാരണം ആശുപത്രിയിലെത്തി.

സ്വകാര്യ ആശുപത്രികളിൽ പനിബാധിച്ച് എത്തിയവരുടെ കണക്കുകൾ കൂടി കൂട്ടിയാൽ പത്ത് ദിവസത്തിനുള്ളിൽ ചികിത്സ തേടിയവരുടെ എണ്ണം ഒരു ലക്ഷം കവിയും.

രാജ്യത്ത് എച്ച്3 എൻ2 ഇന്‍ഫ്‌ളുവെന്‍സ വൈറസ് ബാധിച്ച് രണ്ട് മരണം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഹരിയാനയിലും കര്‍ണാടകയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അടിക്കടിയായി വരുന്ന പനിക്കും ചുമയ്ക്കും പിന്നില്‍ ഇന്‍ഫ്‌ളുവന്‍സ എ യുടെ ഉപവിഭാഗമായ എച്ച്3 എൻ2 വൈറസ് ആണെന്ന് കഴിഞ്ഞ ദിവസം ഐ.സി.എം.ആര്‍ വ്യക്തമാക്കിയിരുന്നു. പനി, ചുമ, ശരീരവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങളാണ് പലര്‍ക്കുമുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.