സിഡ്‌നി: ക്രിസ്തുവിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം സംപ്രേക്ഷണം ചെയ്ത ഓസ്‌ട്രേലിയയിലെ ചാനല്‍ ടെന്നിന്റെ സിഡ്‌നിയിലെ ആസ്ഥാനത്തിനു മുന്നില്‍ ക്രൈസ്തവ വിശ്വാസികള്‍ ജപമാല പ്രാര്‍ത്ഥനാ യജ്ഞം നടത്തി. ഇന്നു രാവിലെ എട്ടു മണിയോടെയാണ് 'ക്രിസ്ത്യന്‍ ലൈവ്‌സ് മാറ്റര്‍' എന്ന ഫേസ് ബുക്ക് പേജിലെ അംഗങ്ങള്‍ ചാനല്‍ ഓഫീസിനു മുന്നില്‍ ഒത്തുകൂടിയത്.
ക്രിസ്തുവിന്റെ ഛായാചിത്രവും ജപമാലയും കുരിശുമായി ആയിരത്തിലധികം പേരാണ് സമാധാനപരമായി നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്. സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ ചാനലിനു മുന്നില്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിര്‍മോണ്ടില്‍ സോണ്ടേഴ്സ് സ്ട്രീറ്റിലായിരുന്നു പ്രതിഷേധം.
ചാനല്‍ ടെന്നില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ദ പ്രോജക്റ്റ്' എന്ന പരിപാടിക്കിടെയാണ് അതിഥിയായെത്തിയ സ്വവര്‍ഗാനുരാഗിയായ ഹാസ്യതാരം ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന വിധം സംസാരിച്ചത്. മോശം പ്രതിഷേധത്തില്‍ ചാനല്‍ ക്ഷമാപണം നടത്തിയെങ്കിലും രാജ്യമെമ്പാടും പ്രതിഷേധം ഉയര്‍ന്നു. ഇതോടെ ചാനലിന്റെ ഓഫീസിന് സുരക്ഷ ശക്തമാക്കുകയും ചെയ്തു.
'എന്റെ വിശ്വാസം ഒരു തമാശയല്ല' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജപമാല പ്രാര്‍ത്ഥനാ യജ്ഞം നടന്നത്. ക്രിസ്തുവിനെ പരിഹസിച്ചവരുടെയും ചാനല്‍ ടെന്നിലെ ജീവനക്കാരുടെയും മനപരിവര്‍ത്തനത്തിനു വേണ്ടി പ്രതിഷേധക്കാര്‍ പ്രാര്‍ത്ഥിച്ചു. പ്രതിഷേധത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു.
അധിക്ഷേപകരമായ പരാമര്‍ശം സംപ്രേക്ഷണം ചെയ്ത 'ദ പ്രോജക്റ്റ്' എന്ന പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ ഒപ്പിട്ട പ്രസ്താവനയും പരസ്യമായ ക്ഷമാപണവും ചാനലിലും അവരുടെ എല്ലാ വെബ്‌സൈറ്റുകളിലും സംപ്രേഷണം ചെയ്യണമെന്നും ക്രിസ്ത്യന്‍ ലൈവസ് മാറ്റര്‍' അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിശ്വാസത്തിന്റെ ഭാഗമായി വിശുദ്ധ വാരത്തില്‍ 'ദ പ്രോജക്ട്' എന്ന പരിപാടിയുടെ സംപ്രേക്ഷണം പാടില്ല. ഒരു മതവിശ്വാസത്തെയും ഇനി പരിഹസിക്കില്ലെന്നുള്ള ഉറപ്പും ഫേസ് ബുക്ക് പേജിന്റെ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ പരിപാടി റദ്ദാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും സംഘം മുന്നറിയിപ്പ് നല്‍കി.
പരിപാടി നിരോധിക്കണം എന്നാവശ്യപ്പെട്ട് change.org എന്ന വെബ്‌സൈറ്റിലൂടെ ഒപ്പുശേഖരണവും ആരംഭിച്ചിരുന്നു. നിരവധി പേരാണ് ഈ ക്യാമ്പെയ്നില്‍ പങ്കെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.