തിരുവനന്തപുരം: വിവാദ നായിക സ്വപ്‌ന സുരേഷിന്റെ നിയമനക്കാര്യത്തില്‍ സര്‍ക്കാരിനെ വെട്ടിലാക്കി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന്റെ (പിഡബ്ല്യുസി) വെളിപ്പെടുത്തല്‍. സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാര്‍ശ എത്തിയത് സര്‍ക്കാരില്‍ നിന്നു തന്നെയാണെന്ന് പിഡബ്ല്യുസി ഇന്നലെ പരസ്യമാക്കി. സ്വപ്നയെ നിയമിച്ചതിന്റെ പഴി പിഡബ്ല്യുസിയുടെ ചുമലില്‍ വച്ചൊഴിയാന്‍ ശ്രമിച്ച സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ വാദം. വിജിലന്‍സ് മൊഴിയെടുക്കുമ്പോഴും പിഡബ്ല്യുസി ഈ വാദമുയര്‍ത്തിയാല്‍ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്ഐടിഐഎല്‍) പ്രതിക്കൂട്ടിലാകും.
മിക്ക പ്രധാന പദ്ധതികളിലെയും കണ്‍സള്‍ട്ടന്റ്ായ ഒരു രാജ്യാന്തര സ്ഥാപനം സര്‍ക്കാരിനെതിരെ പോര്‍മുഖം തുറക്കുന്നതും ഏറെ യാദൃശ്ചികമാണ്. കെഎസ്ഐടിഐഎല്ലിന്റെ ചെയര്‍മാന്‍ കൂടിയായിരുന്ന എം.ശിവശങ്കറിന്റെ ശുപാര്‍ശ പ്രകാരമാണ് സ്വപ്നയെ നിയമിച്ചതെന്ന് ചീഫ് സെക്രട്ടറി തല സമിതി കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് എം.ഡി ജയശങ്കര്‍ പ്രസാദ്, സ്വപ്നയുടെ ബയോഡേറ്റ അയച്ചതെന്നാണ് സൂചന.
ഇതിനിടെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ വിലക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പിഡബ്ല്യുസി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് പ്രാഥമികവാദം കേട്ട ജസ്റ്റിസ് പി വി ആസ്തയുടെ ബെഞ്ചാണ് ഒരാഴ്ചത്തേക്ക് ഇടക്കാല സ്റ്റേ അനുവദിച്ചത്. പിഡബ്ല്യുസിയ്ക്ക് രണ്ട് വര്‍ഷത്തെ വിലക്കാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയായിരുന്നു സര്‍ക്കാരിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി പിഡബ്ല്യുസി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് വിലക്കിന് കോടതി സ്റ്റേ അനുവദിച്ചത്. കൂടാതെ വിലക്കിന് വ്യക്തമായ കാരണം സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല എന്ന കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിലക്ക് ഉത്തരവിറങ്ങി രണ്ടു ദിവസത്തിനുള്ളില്‍ നിയമ യുദ്ധത്തിലേക്ക് പിഡബ്ല്യുസി കടക്കുമെന്ന് സര്‍ക്കാര്‍ കരുതിയിരുന്നില്ല. നിയമനത്തിനു പിന്നിലെ അണിയറ നീക്കങ്ങള്‍ കോടതിയിലേക്ക് വലിച്ചിഴച്ചാല്‍ പ്രശ്നമാകുമെന്ന് കണ്ട് അഞ്ച് മാസത്തോളം പിഡബ്ല്യുസിയെ പ്രകോപിപ്പിക്കാതെയായിരുന്നു സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്തെ ഐടി പദ്ധതികളില്‍ നിന്നു മാത്രമാണ് വിലക്കെങ്കിലും രാജ്യത്തെ മറ്റ് സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി ടെന്‍ഡറുകളും ഇതിലൂടെ പിഡബ്ല്യുസിക്ക് നഷ്ടമാകുമെന്ന ആശങ്കയും ഹര്‍ജിയിലുണ്ട്. എവിടെയെങ്കിലും വിലക്കു പട്ടികയില്‍പ്പെടുകയോ വിലക്ക് നേരിടുകയോ ചെയ്ത സ്ഥാപനങ്ങള്‍ക്ക് മിക്ക ടെന്‍ഡറുകളിലും പങ്കെടുക്കുന്നതില്‍ അയോഗ്യതയുണ്ട്. ഇക്കാരണത്താലാണ് പിഡബ്ല്യുസി അതിവേഗത്തില്‍ നിയമനടപടിയിലേക്ക് നീങ്ങിയത്. അതും സര്‍ക്കാരിന് തിരിച്ചടിയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.