ഒറ്റയ്ക്ക് ഭരിക്കും; കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസമേകുന്ന പ്രീ പോള്‍ സര്‍വേ

ഒറ്റയ്ക്ക് ഭരിക്കും; കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസമേകുന്ന പ്രീ പോള്‍ സര്‍വേ

ബംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസമേകുന്ന പ്രീ പോള്‍ സര്‍വേ.

കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നാണ് ലോക് പോള്‍ നടത്തിയ സര്‍വേ ഫലം വ്യക്തമാക്കുന്നത്. മെയ് മാസത്തില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് അറിയുന്നത്.

കേവല ഭൂരിപക്ഷത്തിന് 113 സീറ്റ് മതിയെന്നിരിക്കേ 116 മുതല്‍ 122 സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സര്‍വേ ഫലം. ബിജെപിക്ക് 77 മുതല്‍ 83 സീറ്റും ജെഡിഎസിന് 21 മുതല്‍ 27 വരെ സീറ്റും സര്‍വേ പ്രവചിക്കുന്നു.

കോണ്‍ഗ്രസും ബിജെപിയും ജെഡിഎസുമാണ് കര്‍ണാടകയിലെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍. 2018 ല്‍ നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഏറ്റവും വലിയ കക്ഷിയായത് ബിജെപിയായിരുന്നു.

എന്നാല്‍ ജെഡിഎസ് നേതാവ് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് ഭരണം പിടിച്ചു. ഇതോടെ പ്രതിപക്ഷത്തായ ബിജെപി സര്‍ക്കാരിനെ മറിച്ചിടാന്‍ നടത്തിയ കരുനീക്കം മാസങ്ങള്‍ക്ക് ശേഷം ഫലം കണ്ടു.

ബിജെപി വച്ച ഓഫറില്‍ കണ്ണു തള്ളിപ്പോയ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ കൂട്ടത്തോടെ കളം മാറി. ഇതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ നിലംപതിക്കുകയും ഈ സഖ്യം പിന്നീട് പിരിയുകയും ചെയ്തു.

ജെഡിഎസിന്റെ നിലപാടായിരുന്നു കര്‍ണാടകയില്‍ പലപ്പോഴും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമായത്. കോണ്‍ഗ്രസിനും ബിജെപിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വരുമ്പോള്‍ ജെഡിഎസ് പിന്തുണയ്ക്കുന്നവര്‍ക്ക് ഭരണം നടത്താമെന്ന സാഹചര്യം വരും. അതുകൊണ്ടു തന്നെ ബിജെപിക്കൊപ്പവും കോണ്‍ഗ്രസിനൊപ്പവും നിന്ന ചരിത്രവും ജെഡിഎസിനുണ്ട്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മറിച്ചാകുമെന്നാണ് അഭിപ്രായ സര്‍വേ.

224 മണ്ഡലങ്ങളില്‍ നിന്നും 200 സാംപിള്‍ വീതമെടുത്താണ് സര്‍വ്വെ നടത്തിയിരിക്കുന്നത്. ഓരോ മണ്ഡലത്തിലെയും 30 ബൂത്തുകള്‍ കണക്കാക്കി ജനുവരി 15 മുതല്‍ ഫെബ്രുവരെ 28 വരെയായിരുന്നു സര്‍വേ. സര്‍ക്കാര്‍ വിരുദ്ധ വികാരമാണ് ബിജെപിക്ക് തിരിച്ചടിയാകുക എന്ന് സര്‍വേ സൂചിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.