കൊച്ചി: കൊച്ചി കോര്‍പ്പറേഷന്റെയും ബ്രഹ്മപുരത്തെ കരാറുകള്‍ ഏറ്റെടുത്ത കമ്പനികളുടെയും വീഴ്ചകള്‍ വിശദീകരിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഖര മാലിന്യ സംസ്‌കരണ ചട്ടം 2016 ലെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അനുമതിയില്ലാതെയാണ് ബ്രഹ്മപുരം പ്ലാന്റ് പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തീപിടുത്തമുണ്ടായതിന് ശേഷം നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
അതേസമയം കഴിഞ്ഞ പതിനൊന്ന് ദിവസമായി കൊച്ചി നഗരവാസികള്‍ക്ക് നരകജീവിതം സമ്മാനിച്ച ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ ഇനിയും പൂര്‍ണമായി അണഞ്ഞിട്ടില്ല. തീ കെടുത്തല്‍ 90 ശതമാനത്തിലെത്തിയെന്നാണ് ജില്ലാ ഭരണകൂടം അവകാശപ്പെടുന്നത്. ഇതിനിടെയാണ് ചട്ടങ്ങള്‍ പാലിക്കാതെയാണ് ബ്രഹ്മപുരം പ്ലാന്റ് പ്രവര്‍ത്തിച്ചതെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ബ്രഹ്മപുരത്തെ കരാറുകള്‍ ഏറ്റെടുത്ത കമ്പനികളുടെയും വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. തീപിടിത്തത്തിന് പിന്നാലെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ പ്രതിനിധീകരിച്ച് പ്രത്യേക സംഘം കൊച്ചിയിലെത്തി പ്ലാന്റില്‍ പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ചയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രത്യേക സംഘം ബ്രഹ്മപുരം സന്ദര്‍ശിച്ചത്. തീപിടുത്തം നടന്ന സ്ഥലങ്ങളും ജൈവ മാലിന്യം സംസ്‌കരിച്ച സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ പ്ലാന്റും ബയോമൈനിങ് നടത്തുന്ന സോണ്ട ഇന്‍ഫ്രാടെക്കിന്റെ പദ്ധതി പ്രദേശങ്ങളും സംഘം പരിശോധിച്ചിരുന്നു.
ഖര മാലിന്യ സംസ്‌കരണം നടത്തുന്നതിന് വേണ്ട ചട്ടങ്ങള്‍ ബ്രഹ്മപുരത്ത് പാലിച്ചിട്ടില്ലെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. കൊച്ചി കോര്‍പ്പറേഷന് ഇത് സംബന്ധിച്ച് വലിയ വീഴ്ചയാണ് സംഭവിച്ചത്. അതേസമയം പ്ലാന്റിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരവും ലഭിച്ചിട്ടില്ല.
പഴകിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് മാറ്റി ഈ ഭൂമി പത്ത് വര്‍ഷം മുമ്പത്തെത് പോലെയാക്കും എന്നായിരുന്നു ബയോമൈനിങ് കരാര്‍. എന്നാല്‍ സോണ്ട ഇന്‍ഫ്രാടെക്കിന്റെ പദ്ധതി പ്രദേശത്ത് അത്തരത്തില്‍ തിരിച്ചുപിടിച്ച സ്ഥലങ്ങള്‍ പരിശോധനയില്‍ കണ്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 25 ശതമാനം ബയോമൈനിങ് പൂര്‍ത്തിയാക്കിയതിന് 11 കോടി രൂപ കൈപറ്റിയിട്ടും എവിടെ പ്ലാസ്റ്റിക്ക് മാലിന്യമുക്ത ഭൂമി എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടതും കോര്‍പ്പറേഷനും കരാര്‍ കമ്പനിയുമാണ്.
സിപിഎം ബ്രാഞ്ച് സെക്രട്ടറി സക്കീര്‍ ബാബുവിന് പങ്കാളിത്തമുള്ള ജൈവമാലിന്യ സംസ്‌കരണ കമ്പനി സ്റ്റാര്‍കണ്‍സ്ട്ക്ഷന്‍സിന്റെ പ്ലാന്റിനെതിരെയും ഗുരുതരമായ കണ്ടെത്തലുകളാണ്. മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ നടന്നത് അശാസ്ത്രീയമായ പ്രവര്‍ത്തികളാണ്. ജൈവ മാലിന്യം സംസ്‌കരിച്ച് വളമാക്കുന്നതിനായിരുന്നു കോടികളുടെ കരാര്‍. എന്നാല്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ജൈവമാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. മീഥെയ്ന്‍ അടക്കം തീപിടുത്ത സാധ്യത ഉയര്‍ത്തുന്ന വാതകങ്ങള്‍ പുറത്തുവരുന്നത് ഈ മാലിന്യങ്ങളില്‍ നിന്നുമാണ്.
മാലിന്യ കൂമ്പാരങ്ങള്‍ ഇങ്ങനെ കിടക്കുന്നത് അപകടരമായ സ്ഥിതിയാണെന്നും പരാമര്‍ശമുണ്ട്. ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കെട്ടിടത്തിലും മാലിന്യം സംസ്‌കരിക്കാതെ കുന്നുകൂട്ടി ഇട്ടിരിക്കുന്നു. കൃത്യമായ ലേഔട്ടോ, പാതയോ, ഡ്രെയിനെജോ അടക്കം ഒരു പ്ലാന്റിന് അടിസ്ഥാനപരമായി വേണ്ട സൗകര്യങ്ങള്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.