തിരുവനന്തപുരം: സംസ്ഥാന നേതൃ നിരയിലേക്കുള്ള ശശി തരൂരിന്റെ വളര്‍ച്ചയില്‍ അസ്വസ്ഥരായ കെ.പി.സി.സി നേതൃത്വത്തിന് തലവേദനയായി തരൂര്‍ ക്യാമ്പിലെ നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍. തരൂരിന് പരസ്യ പിന്തുണ നല്‍കുന്ന എംപിമാരായ എം.കെ. രാഘവനും കെ.മുരളീധരനും നടത്തുന്ന പരസ്യപ്രസ്താവനകളില്‍ കെ.പി.സി.സി നേതൃത്വം ഹൈക്കമാന്‍ഡിനോട് അതൃപ്തി അറിയിച്ചു.
കോണ്‍ഗ്രസില്‍ കൂടിയാലോചനകളില്ലാതെയാണ് പ്രധാന തീരുമാനങ്ങളെടുക്കുന്നതെന്ന മുരളീധരന്റെയും ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന രീതിയാണ് ഇപ്പോള്‍ പാര്‍ട്ടിയിലെന്ന് രാഘവന്റെയും പ്രസ്താവനകളാണ് കെ.പി.സി.സിയെ ചൊടിപ്പിച്ചത്. ഇരുവര്‍ക്കുമെതിരെയുള്ള പരാതി ഹൈക്കമാന്‍ഡിന് നല്‍കിയതോടെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ ഭിന്നത കൂടുതല്‍ കലുഷിതമാക്കി.
രാഘവന്റെ പ്രസ്താവന അനുചിതമായിപ്പോയെന്ന് അപ്പോള്‍ തന്നെ കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിരുന്നു. രാഘവന്റെ പ്രസ്താവന സംഘടനാരീതിക്ക് ചേര്‍ന്നതല്ലെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍കുമാറും കുറ്റപ്പെടുത്തി. ഇത് ചൂണ്ടിക്കാട്ടി കെ.പി.സി.സി.ക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഇതും ഹൈക്കമാന്‍ഡിന് കൈമാറിയിട്ടുണ്ട്.
പാര്‍ട്ടിയില്‍ കൂടിയാലോചനകളില്ലെന്നും വേദികളില്ലാത്തതിനാലാണ് അഭിപ്രായം പുറത്ത് പറയേണ്ടി വരുന്നതെന്നും കഴിഞ്ഞദിവസം മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. നേരത്തെ മുതല്‍ മുരളീധരന്റെ പല പരസ്യ പ്രസ്താവനകളോട് സംസ്ഥാന നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ഇതിലുള്ള നീരസമാണ് മുരളീധരന്റെ വാക്കുകളില്‍ ഇപ്പോഴും നിഴലിക്കുന്നതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
താന്‍ പറയാനുള്ളത് പറയുമെന്നും പാര്‍ട്ടിപ്രവര്‍ത്തനം നിര്‍ത്തണമെങ്കില്‍ അക്കാര്യ നേതാക്കള്‍ പറഞ്ഞാല്‍ മതിയെന്നുമാണ് കെ. മുരളീധരന്റെ പ്രതികരണം. പാര്‍ട്ടിക്കകത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ചിലപ്പോള്‍ അഭിപ്രായം പറയും. അഭിപ്രായം പറയാന്‍ പാടില്ലെങ്കില്‍ അത് അറിയിച്ചാല്‍ മതിയെന്നും മുരളീധരന്‍ പ്രതികരിച്ചു.
കെ.പി.സി.സി താക്കീത് ചെയ്‌തെന്ന വാര്‍ത്തയെക്കുറിച്ച് എനിക്കൊന്നുമറിയില്ലെന്നായിരുന്നു എം.കെ. രാഘവന്റെ പ്രതികരണം. മാധ്യമങ്ങളില്‍ കണ്ട അറിവേയുള്ളൂ. കെ.പി.സി.സിയുടെ കത്ത് വരട്ടെ അപ്പോള്‍ പറയാമെന്നും എം.കെ. രാഘവന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.