മാലിന്യ സംസ്‌കരണത്തിന് കൊച്ചി കോര്‍പറേഷന്‍ മുടക്കിയ തുകയെത്ര?; കരാര്‍ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

മാലിന്യ സംസ്‌കരണത്തിന് കൊച്ചി കോര്‍പറേഷന്‍ മുടക്കിയ തുകയെത്ര?; കരാര്‍ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

സര്‍ക്കാരിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

കൊച്ചി: മാലിന്യ സംസ്‌കരണത്തിനായി കൊച്ചി കോര്‍പറേഷന്‍ മുടക്കിയ തുകയുടെ വിശദമായ വിവരങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി. ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴ് വര്‍ഷത്തെ കരാര്‍ രേഖകകളും കോര്‍പറേഷനോട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഇന്നും സര്‍ക്കാരിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനുമെതിരെ കോടതി ഉന്നയിച്ചത്.

കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഉള്‍പ്പെട്ട സമിതി ബ്രഹ്മപുരത്ത് സന്ദര്‍ശനം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിനോടൊപ്പം ഉണ്ടായിരുന്ന ചിത്രങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെതിരേ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടുവെന്ന് പറഞ്ഞ കോടതി ബ്രഹ്മപുരം എന്ന പേര് തന്നെ അക്ഷാരാര്‍ത്ഥത്തില്‍ മാറ്റി എഴുതപ്പെട്ടതായും അഭിപ്രായപ്പെട്ടു. കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നേരിട്ട് നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു.

പ്ലാന്റ് നടത്തിപ്പുകാര്‍ക്കെതിരേ എന്ത് നടപടി സ്വീകരിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് കോടതി ചോദിച്ചു. നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കൊച്ചി കോര്‍പറേഷന് അടക്കം പിഴ ചുമത്തുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ പിഴ തുക വാങ്ങി ബാങ്കിലിട്ടാല്‍ ഇപ്പോള്‍ വിഷപ്പുക ശ്വസിച്ചതിന് പകരമാകുമോയെന്നും കോടതി ചോദിച്ചു.

ബ്രഹ്മപുരത്തെ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കണമെന്നും ശ്വാസകോശ രോഗത്തെ തുടര്‍ന്ന് വാഴക്കാല സ്വദേശി ലോറന്‍സ് ജോസഫ് മരിച്ച സാഹചര്യം സംബന്ധിച്ചും വിശദമായ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ഉച്ചക്ക് മുമ്പ് നല്‍കാനും കോടതി നിര്‍ദേശം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.