ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനോട് കടുത്ത അതൃപ്തി അറിയിച്ച് ഏഴ് എംപിമാര്‍. കെ മുരളീധരന്‍, എം.കെ രാഘവന്‍, ബെന്നി ബഹന്നാന്‍, ആന്റോ അന്റണി, ഹൈബി ഈഡന്‍ തുടങ്ങിയ ഏഴ് എംപിമാരാണ് കെ.സി വേണുഗോപാലിനെ വസതിയിലെത്തി സന്ദര്‍ശിച്ചത്.
സുധാകരന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കില്ലെന്ന് എംപിമാരായ കെ. മുരളീധരനും എം.കെ രാഘവന്‍ വേണുഗോപാലിനെ അറിയിച്ചു. കേരളത്തിലെ സംഘടനാ സംവിധാനം കുത്തഴിഞ്ഞ നിലയിലാണെന്നും നേതാക്കള്‍ പരാതിപ്പെട്ടു.
തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ രണ്ട് എംപിമാര്‍ക്ക് കെ.സുധാകരന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ നടപടി പാര്‍ട്ടിക്കകത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇല്ലാത്ത അധികാരം ഉപയോഗിച്ച് കത്ത് നല്‍കിയെന്നാണ് എംപിമാര്‍ പറയുന്നത്.
എംപിമാര്‍ നിലവില്‍ എഐസിസി അംഗങ്ങളാണ്. എഐസിസി അംഗങ്ങളായ ഇവര്‍ക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാറില്ല. ഈ സാഹചര്യത്തില്‍ നോട്ടീസിന് മറുപടി നല്‍കില്ലെന്ന് കെ. മുരളീധരനും എം.കെ രാഘവനും കെ.സി വേണുഗോപാലിനെ അറിയിച്ചു.
കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ കെ. സുധാകരന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകുന്നില്ലെന്നുമാണ് എംപിമാരുടെ പ്രധാന പരാതി. നിലവിലെ പുനസംഘടന ഏകപക്ഷീയമാണെന്നും അത് നിര്‍ത്തിവെക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v