ആന്തരിക ദാഹം ശമിപ്പിക്കുന്ന ജീവജലത്തിന്റെ ഉറവയാകാന്‍ കര്‍ത്താവ് നമ്മെ ക്ഷണിക്കുന്നു: ഫ്രാന്‍സിസ് പാപ്പ

ആന്തരിക ദാഹം ശമിപ്പിക്കുന്ന ജീവജലത്തിന്റെ ഉറവയാകാന്‍ കര്‍ത്താവ് നമ്മെ  ക്ഷണിക്കുന്നു: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: നിത്യജീവന്റെ ജീവജലം നമുക്ക് വാഗ്ദാനം ചെയ്യുന്ന കര്‍ത്താവ് നമ്മുടെ സ്‌നേഹത്തിനായി ദാഹിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. നോമ്പുകാലത്തിന്റെ മൂന്നാം ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയ്ക്കു മുന്നോടിയായി വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തീര്‍ഥാടകരോട് സംസാരിക്കുകയായിരുന്നു മാര്‍പ്പാപ്പ.

ദിവ്യബലി മദ്ധ്യേ വായിച്ച യോഹന്നാന്റെ സുവിശേഷം നാലാം അദ്ധ്യായം 5 മുതല്‍ 42 വരെയുള്ള വാക്യങ്ങളെ ആധാരമാക്കിയായിരുന്നു പാപ്പയുടെ സന്ദേശം. അതായത്, ഒരു കിണറിനരികില്‍ യേശു അവിടെ വെള്ളം കോരാനെത്തിയ സമരിയാക്കാരിയുമായി നടത്തുന്ന കൂടിക്കാഴ്ചയായിരുന്നു അത്.

യേശുവിന്റെ ഏറ്റവും മനോഹരവും മനംകവരുന്നതുമായ കൂടിക്കാഴ്ചകളില്‍ ഒന്നാണ് ഈ സുവിശേഷ ഭാഗത്തുള്ളത്. സമരിയായിലെ സിക്കാര്‍ എന്ന ഗ്രാമത്തിലെ കിണറ്റിന്‍ കരയില്‍ നടന്ന സംഭവമാണ് വിശുദ്ധ യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

അവിടെ വെള്ളംകോരാന്‍ വന്ന ഒരു സമരിയാക്കാരി സ്ത്രീ കിണറ്റിന്‍ കരയില്‍ ഇരുന്ന യേശുവിനെ കണ്ടുമുട്ടുന്നു. ചൂടുള്ള ഉച്ചവെയിലില്‍ ദാഹവും ക്ഷീണവും അനുഭവപ്പെട്ട യേശു വെള്ളം കോരാന്‍ അവിടെ എത്തിയ സ്ത്രീയോട് തനിക്കു കുടിക്കാന്‍ അല്‍പം ജലം തരണമേയെന്ന് ചോദിക്കുന്നു. ഇത് ദൈവത്തിന്റെ താഴ്മയെയാണ് കാണിക്കുന്നത്. അവിടുന്ന് നമ്മില്‍ ഒരാളായി തീര്‍ന്ന് നമ്മുടെ മനുഷ്യാവസ്ഥയും ആവശ്യങ്ങളും കഷ്ടപ്പാടുകളും പങ്കുവയ്ക്കുന്നു. നമ്മെപ്പോലെ ദാഹാര്‍ത്തനായി അവിടുന്ന് കുടിക്കാന്‍ വെള്ളം ചോദിക്കുന്നതായി പാപ്പാ വിശദീകരിച്ചു.

'വാസ്തവത്തില്‍, യേശുവിന്റെ ദാഹം ശാരീരികം മാത്രമല്ല. അത് നമ്മുടെ ജീവിതത്തിലെ ഏറ്റവും തീവ്രമായ ദാഹങ്ങളെ വെളിപ്പെടുത്തുന്നു. എല്ലാറ്റിനുമുപരിയായി അത് സ്‌നേഹത്തിനായുള്ള ദാഹമാണ്. ക്രൂശില്‍ പീഢാസഹനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലും അത് വെളിപ്പെടുന്നു. അവിടെ മരിക്കുന്നതിനു മുമ്പ് യേശു പറഞ്ഞു 'എനിക്ക് ദാഹിക്കുന്നു' (യോഹന്നാന്‍ 19:28)'.

എന്നാല്‍ കുടിക്കാന്‍ വെള്ളം ചോദിക്കുന്ന കര്‍ത്താവ് സമരിയാക്കാരിയായ സ്ത്രീയോട് തനിക്ക് നല്‍കാനാകുന്ന പരിശുദ്ധാത്മാവിന്റെ ജീവജലത്തെക്കുറിച്ച് സംസാരിക്കുന്നു. നമ്മില്‍ നിത്യജീവന്റെ പ്രവാഹം സാദ്ധ്യമാക്കിത്തീര്‍ക്കുന്ന ജീവജലമാണ് അവിടുന്ന് ഉറപ്പു നല്‍കുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ അവിടുന്ന് നമ്മെ കാണാന്‍ വരുന്നു. നമ്മുടെ ദാഹം പങ്കിടുന്നു. സ്‌നേഹത്തിനായി ദാഹിക്കുന്ന യേശു കവിഞ്ഞൊഴുകുന്ന സ്‌നേഹത്താല്‍ നമ്മുടെ ദാഹം ശമിപ്പിക്കുന്നു.

സഹായം ആവശ്യമുള്ള ഒരു സഹോദരന്റെയോ സഹോദരിയുടെയോ ദാഹം ശമിപ്പിക്കാന്‍ നിശബ്ദനായി നമ്മോട് നിലവിളിക്കുന്ന യേശുവിന്റെ മാതൃക പിന്തുടരണമെന്ന് പാപ്പ ഓര്‍മിപ്പിക്കുന്നു. നമ്മുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ പലപ്പോഴും ദാഹിക്കുന്നതായി പറഞ്ഞേക്കാം. അവര്‍ ദാഹിക്കുന്നത് സാമീപ്യത്തിനോ കരുതലിനോ ശ്രവിക്കപ്പെടുന്നതിനോ ആയിരിക്കാം.

ദൈവവചനത്തിനായി അവര്‍ ദാഹിക്കുകയും ദാഹശമനത്തിനായി സഭയില്‍ അവര്‍ക്ക് ഒരു മരുപ്പച്ച കണ്ടെത്തുകയും വേണം. എനിക്ക് കുടിക്കാന്‍ തരിക എന്നത് നമ്മുടെ സമൂഹത്തിന്റെ അഭ്യര്‍ത്ഥനയാണ്. ഉന്മാദ സമൂഹങ്ങള്‍ തീര്‍ക്കുന്ന മരുഭൂമികളാല്‍ ഈ ദാഹം വര്‍ദ്ധിക്കുന്നു. ഇത് പലപ്പോഴും നമ്മില്‍ നിസംഗതയും ആന്തരിക ശൂന്യതയും സൃഷ്ടിക്കുന്നു - മാര്‍പാപ്പ തുടര്‍ന്നു.

ഈ ദാഹം അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തിനായുള്ള ഒന്നാണ്, നമ്മുടെ നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണ്. ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ വരള്‍ച്ചയോ മലിനീകരണമോ കാരണം കഷ്ടപ്പെടുന്നു. നമ്മുടെ 'പൊതു ഭവനത്തിന്റെ' പരിസ്ഥിതി പോലും ജലക്ഷാമമോ മലിനീകരണമോ മൂലമുണ്ടാകുന്ന ദാഹത്താല്‍ കഷ്ടപ്പെടുന്നു.

ഇന്നത്തെ സുവിശേഷത്തില്‍ 'ജീവജലം' എന്ന വാഗ്ദാനം കര്‍ത്താവ് നമുക്കു നല്‍കുകയും നമ്മുടെ സഹോദരങ്ങള്‍ക്ക് നവോന്മേഷദായകമായ ഉറവയായി മാറാന്‍ നമ്മെ ഓരോരുത്തരെയും ക്ഷണിക്കുകയും ചെയ്യുന്നു. അതിനാല്‍, നമുക്ക് സ്വയം ചോദിക്കാം - ഞാന്‍ ദൈവത്തിനായി ദാഹിക്കുന്നുണ്ടോ? എനിക്ക് ജീവിക്കാന്‍ വെള്ളം എന്ന പോലെ അവിടുത്തെ സ്‌നേഹം ആവശ്യമാണെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ടോ? മറ്റുള്ളവരുടെ ദാഹത്തെക്കുറിച്ച്, അവരുടെ ആത്മീയ ദാഹത്തെക്കുറിച്ച് കരുതലുണ്ടോ?.... പാപ്പ ചോദിച്ചു.

നമ്മുടെ മാതാവ് നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുകയും യാത്രയില്‍ തുണയായിരിക്കുകയും ചെയ്യട്ടെ എന്നു പ്രാര്‍ത്ഥിച്ചയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.