വാഷിംഗ്ടണ്‍: സിലിക്കണ്‍ വാലി ബാങ്കിന്റെ (എസ്‌വിബി) തകര്‍ച്ചയുടെ ഞെട്ടല്‍ മാറും മുമ്പ് അമേരിക്കയില്‍ മറ്റൊരു ബാങ്ക് കൂടി സാമ്പത്തിക മാന്ദ്യത്തില്‍ തകര്‍ന്നു. ന്യൂയോര്‍ക്കിലെ സിഗ്നേച്ചര്‍ ബാങ്കാണ് അടച്ചുപൂട്ടിയത്. 11000 കോടി രൂപയുടെ ആസ്തിയുള്ള സിഗ്നേച്ചര്‍ ബാങ്കിന്റെ തകര്‍ച്ച നിക്ഷേപകരെ കടുത്ത ആശങ്കയിലാക്കി.
ഒരാഴ്ചയ്ക്കിടെ രണ്ട് പ്രമുഖ ബാങ്കുകള്‍ തകര്‍ന്നതോടെ സാമ്പത്തിക രംഗം വീണ്ടും മാന്ദ്യ ഭീതിയിലായി. കൂടുതല്‍ ബാങ്കുകള്‍ തകരുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ച ഇന്ത്യയിലും പ്രതിഫലിക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യന്‍ ബാങ്കുകള്‍ വായ്പാ അനുപാതത്തിന്റെ കാര്യത്തില്‍ വളരെ സുരക്ഷിതമാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ബാങ്കിംഗിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രത്യാഘാതവും ഉണ്ടാക്കില്ലെന്ന് സ്റ്റേക്ക്‌ഹോള്‍ഡര്‍ എംപവര്‍മെന്റ് സര്‍വീസസിലെ ജെഎന്‍ ഗുപ്ത പറഞ്ഞു.
ഇക്വിറ്റി മാര്‍ക്കറ്റില്‍ കുറഞ്ഞതോതില്‍ സ്വാധീനം ചെലുത്തിയേക്കും. പ്രധാനമായി സംഭവിക്കുന്ന എല്ലാകാര്യവും ലോകത്തെ എല്ലാ വിപണികളെയും ബാധിക്കാറുണ്ട്. എന്നാല്‍ ഇത് ദീര്‍ഘകാല ചലനമൊന്നും സൃഷ്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഡിബിഐ ക്യാപിറ്റലിലെ ഗവേഷണ വിഭാഗം മേധാവി എ.കെ.പ്രഭാകറിന്റെ അഭിപ്രായത്തില്‍ ബാങ്കിങ് തകര്‍ച്ച ഇക്വിറ്റി വിപണിയില്‍ സ്വാധീനം ചെലുത്തുമെങ്കിലും ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തെ കാര്യമായി ബന്ധിക്കില്ല. ഇന്ത്യന്‍ ബാങ്കിംഗിന് ശക്തമായ ഒരു സംവിധാനമുണ്ട്. വലിയ സ്വകാര്യ ബാങ്കുകളെ പോലും സെന്‍ട്രല്‍ ബാങ്ക് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.