ന്യൂഡല്‍ഹി: ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകളുടെ നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി തള്ളിയത്.
റിസര്‍വ് ബാങ്കിന്റെ പക്കലുള്ള 50 കോടി രൂപ നഷ്ടപരിഹാര വിതരണത്തിന് ഉപയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച വിഷയം രണ്ട് പതിറ്റാണ്ടിന് ശേഷം ഉന്നയിക്കുന്നതിന്റെ യുക്തി വിശദീകരിക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി.
മൂവായിരത്തിലധികം പേരുടെ ജീവനെടുക്കുകയും പരിസ്ഥിതിക്ക് നാശം വരുത്തുകയും ചെയ്ത 1984 ലെ ദുരന്തത്തിന്റെ ഇരകള്‍ക്ക്, യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്റെ ഇപ്പോഴത്തെ ഉടമകളായ ഡൗ കെമിക്കല്‍സില്‍ നിന്ന് 7,844 കോടി രൂപയുടെ അധിക നഷ്ടപരിഹാരമാണ് കേന്ദ്രം ആവശ്യപ്പെട്ടത്. 1989ല്‍ യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷനോട് 715 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ഈ വിധിക്ക് എതിരെ കേന്ദ്രം നല്‍കിയ പുനപരിശോധന ഹര്‍ജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു ഭോപ്പാല്‍ വിഷവാതക ദുരന്തം. 1984 ഡിസംബര്‍ രണ്ടിന് രാത്രി അമേരിക്കന്‍ കെമിക്കല്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാലിലെ കീടനാശിനി നിര്‍മാണശാലയിലെ വാതകക്കുഴലുകള്‍ വൃത്തിയാക്കുന്നതിനിടെ മീഥൈല്‍ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയില്‍ വെള്ളം കയറി. തുടര്‍ന്നുണ്ടായ രാസപ്രവര്‍ത്തനത്തില്‍ സംഭരണിയില്‍ ചോര്‍ച്ചയുണ്ടാവുകയായിരുന്നു.
യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കീടനാശിനി പ്ലാന്റില്‍ നിന്ന് ഏതാണ്ട് 40 ടണ്‍ അപകടകരമായ വാതകമാണ് ചോര്‍ന്നത്.
മധ്യപ്രദേശ് സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഭോപ്പാലിലും പരിസര പ്രദേശത്തുമായി 3,787 പേരാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഇതിലും അധികം ആണെന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.