വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി; മരണങ്ങളിൽ ഡെത്ത് ഓഡിറ്റ്

വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി; മരണങ്ങളിൽ ഡെത്ത് ഓഡിറ്റ്

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നുയർന്ന ഡയോക്‌സിന്‍ കലര്‍ന്ന വായു ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഡി.എം.ഇയിലെയും ഡി.എച്ച്.എസിലെയും വിദഗ്ധ ഡോക്ടര്‍മാരുൾപ്പെട്ട സമിതിയെയാണ് സർക്കാർ നിയോഗിച്ചത്.

വിഷപ്പുക ശ്വസിച്ചതുമായുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിർദ്ദേശം. പുക ശ്വസിച്ചു മരണമുണ്ടായതായി പരാതിയുള്ള സംഭവത്തില്‍ ഡെത്ത് ഓഡിറ്റ് നടത്തുമെന്ന് മന്ത്രി അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരം വരെ 1,249 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. പുക ബാധിത മേഖലകളിൽ 11 ശ്വാസ് ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. 11 പേര്‍ ഇന്ന് ശ്വാസ് ക്ലിനിക്കുകളിലെത്തി പരിശോധന നടത്തി. വിവിധ സ്ഥലങ്ങളിലായി ആറ് മൊബൈല്‍ യൂണിറ്റുകളും സ്ഥാപിച്ചു.

പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ബ്രഹ്മപുരത്ത് ആരോഗ്യ സര്‍വേ ആരംഭിച്ചു. 1576 ആളുകളുടെ ഡേറ്റ ശേഖരിച്ചു. ഇതില്‍ 13 ഗര്‍ഭിണികള്‍, 10 കിടപ്പ് രോഗികള്‍, 501 മറ്റ് അസുഖങ്ങള്‍ ഉളളവര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. കണ്ണുപുകച്ചില്‍, ശ്വാസംമുട്ടല്‍, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.

കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷൽറ്റി റെസ്‌പോണ്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതിന് പുറമെ എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകളും പ്രവര്‍ത്തനമാരംഭിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള ആറ് മൊബൈല്‍ യൂണിറ്റുകളിലൂടെ 544 പേര്‍ക്കു സേവനം നല്‍കിയെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.