ഐസ്‌ക്രീം കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ്; ലഹരി സംഘത്തിലെ പ്രധാനിയും കൂട്ടാളിയും പിടിയില്‍

ഐസ്‌ക്രീം കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ്; ലഹരി സംഘത്തിലെ പ്രധാനിയും കൂട്ടാളിയും പിടിയില്‍

മാവേലിക്കര: ആലപ്പുഴ ജില്ലയിലെ ലഹരി സംഘത്തിലെ പ്രധാനിയും കൂട്ടാളിയും രണ്ട് കിലോഗ്രാം കഞ്ചാവുമായി പൊലീസിന്റെ പിടിയിലായി. നൂറനാട് പുതുപ്പള്ളി കുന്നം ഖാന്‍ മന്‍സിലില്‍ ഷൈജുഖാന്‍ (40), ശൂരനാട് വടക്ക് കുഞ്ഞാറ്റുംമുറിയില്‍ സജിഭവനം ഗോപകുമാര്‍ (40) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ വാഹന പരിശോധനക്കിടെ സ്‌കൂട്ടറില്‍ എത്തിയ ഷൈജുഖാനും ഗോപകുമാറും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഓടിച്ചിട്ട് സാഹസികമായി പിടുകൂടുകയായിരുന്നു. സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

സി.ഐ പി.ശ്രീജിത്ത്, എസ്.ഐമാരായ നിതീഷ്, ബാബുക്കുട്ടന്‍, രാജീവ്, പുഷ്പന്‍, സി.പി.ഒമാരായ രഞ്ജിത്ത്, ജയേഷ്, ശ്യാം, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഗുണ്ടാ ആക്രമണകേസുകളിലും പ്രതിയാണ് ഷൈജുഖാനെന്ന് പൊലീസ് പറഞ്ഞു. 2020ല്‍ ശൂരനാട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് പണം തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്. നിരവധി അടിപിടി കേസുകളില്‍ പ്രതിയായ ഷൈജുഖാന്‍ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ഓഫീസില്‍ ആഴ്ച തോറും ഒപ്പിട്ടു വരവേയാണ് കഞ്ചാവുമായി പിടിയിലായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഇയാള്‍ കഞ്ചാവ് വിറ്റിരുന്നതായി പൊലീസ് പറഞ്ഞു.

കുറച്ചുനാള്‍ മുമ്പ് വരെ ചാരുംമൂട്ടില്‍ കനാലിന്റെ പുറമ്പോക്കില്‍ നടത്തിയിരുന്ന തട്ടുകടയുടെ മറവിലാണ് ഷൈജുഖാന്‍ കഞ്ചാവ് വിറ്റിരുന്നത്. ഈ തട്ടുകടയില്‍ ചിലര്‍ക്ക് നല്‍കിയിരുന്ന നാല് ദോശയും ചമ്മന്തിയും സാമ്പാറും അടങ്ങിയ പാഴ്‌സലിന് 500 രൂപയായിരുന്നു വില ! കഞ്ചാവ് ആവശ്യമുള്ളവര്‍ക്കാണ് ഈ പാഴ്‌സല്‍. കടയില്‍ നിന്നും വാങ്ങുന്ന പാഴ്‌സലില്‍ ദോശയും ചമ്മന്തിയും സാമ്പാറുമേ ഉണ്ടാവുകയുള്ളൂ. ബാക്കി തുകയ്ക്കുള്ള കഞ്ചാവ് മറ്റൊരു സ്ഥലത്ത് വച്ച് നല്‍കും. അന്യസംസ്ഥാന തൊഴിലാളികളെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. ഇവിടെ നിന്ന് കഞ്ചാവ് വാങ്ങിയ ഒരാളെ മാവേലിക്കര എക്സൈസ് അറസ്റ്റ് ചെയ്തതോടെ ഷൈജുഖാനെയും പ്രതി ചേര്‍ത്തു.

തട്ടുകട വഴിയുള്ള കഞ്ചാവ് കച്ചവടം നിലച്ചതിനെ തുടര്‍ന്ന് മറ്റു മാര്‍ഗങ്ങള്‍ തേടുന്നതിനിടെയാണ് ക്ഷേത്ര പരിസരങ്ങളില്‍ ഐസ്‌ക്രീം കച്ചവടം നടത്തുന്ന ഗോപകുമാറിനെ ഷൈജുഖാന്‍ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും ചേര്‍ന്ന് ഉത്സവപ്പറമ്പുകളില്‍ ഐസ്‌ക്രീം കച്ചവടത്തിന്റെ മറവില്‍ കഞ്ചാവും വില്‍ക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ഭാഗത്തുള്ള അമ്പലങ്ങളില്‍ വില്പനക്കായി കഞ്ചാവ് കൊണ്ടുപോകുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

ഷൈജുഖാന്‍ പിടിയിലായ വൈകിട്ട് ആറിനും രാത്രി എട്ടിനും ഇടയില്‍ 270 ഓളം ഫോണ്‍ കോളുകളാണ് ഇയാളുടെ ഫോണിലേക്ക് വന്നത്. 'ഇക്കാ 500 ന്റെ ഒരു പായ്ക്ക് 'എന്നാണ് എല്ലാ കോളുകളിലും പറഞ്ഞിരുന്നത്. വിളിച്ചതില്‍ സ്ത്രീകളും കുട്ടികളും യുവാക്കളും പ്രായമായവരും ഉണ്ടായിരുന്നു. ഈ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.