സാധു ഇട്ടിയവിര ഈ നൂറ്റാണ്ടിന്റെ വിശുദ്ധമായ ക്രിസ്തീയ പൈതൃകത്തിന്റെ ഉടമ: മാർ ജോസഫ് കല്ലറങ്ങാട്ട്

സാധു ഇട്ടിയവിര ഈ നൂറ്റാണ്ടിന്റെ വിശുദ്ധമായ ക്രിസ്തീയ പൈതൃകത്തിന്റെ ഉടമ: മാർ ജോസഫ് കല്ലറങ്ങാട്ട്

കോതമംഗലം: സംശുദ്ധമായ ജീവിതചര്യകളിലൂടെ അനശ്വരമായിത്തീർന്ന വ്യക്തിത്വമാണ് സാധു ഇട്ടിയവിരയെന്ന് സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.അന്തരിച്ച ആത്മീയ ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ സാധു ഇട്ടിയവിരയുടെ നിര്യാണത്തിൽ ചേർന്ന അൽമായ കമ്മീഷന്റെ അനുശോചന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാർ കല്ലറങ്ങാട്ട്.


കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ.ആൻ്റണി മൂലയിൽ,പ്രൊലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്,അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.


ഒരു നൂറ്റാണ്ടിന്റെ വിശുദ്ധമായ ക്രിസ്തീയ പൈതൃകത്തിന്റെ ഉടമയാണ് അദ്ദേഹം. സംശുദ്ധമായ രീതിയിൽ ജീവിക്കുകയും ദൈവസ്നേഹം മറ്റുള്ളവർക്ക് പകർന്നുകൊടുക്കുകയും ചെയ്തു.കേരളം മുഴുവൻ ഓടിനടന്ന് ദൈവസ്നേഹത്തെ കുറിച്ച് സാധുവിനെപ്പോലെ പഠിപ്പിച്ചിട്ടുള്ള ഒരു വ്യക്തിയും കേരളക്കരയിൽ കാണുകയില്ല. വി.പൗലോസിനെപ്പോലെ വലിയ തീക്ഷ്ണമതിയായിരുന്നു.കർത്താവിന്റെ സ്‌നേഹം ഹൃദയം നിറയെ കൊണ്ട് നടന്നു മറ്റുള്ളവർക്ക് പകർന്നു നൽകി.സാധുവിന്റെ ജീവിതചര്യ സുതാര്യമായിരുന്നു. പ്രസംഗിക്കുക,എഴുതുക,അത് ജീവിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ പ്രമാണമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.

ഇന്ന് സാധു ഇട്ടിയവിരയുടെ ജീവിതം നമുക്ക് അനുകരിക്കാൻ പ്രയാസമാണ്.അദ്ദഹത്തിന്റെ വഴികൾ സവിശേഷമായ രീതിയിൽ ആയിരുന്നു.ദൈവസ്നേഹത്തിന്റെ കനലുകൾ സാധുവിൽ എല്ലായ്‌പ്പോഴും ജ്വലിച്ചുനിന്നു. ആ സ്നേഹജ്വാലകൾ കുട്ടികളിലും യുവജനങ്ങളിലും ഹൃദയങ്ങളിൽ നിറക്കാൻ അദ്ദേഹം നിരന്തരം പരിശ്രമിച്ചു .സുവിശേഷം കൊണ്ട് അരമുറുക്കിയ വ്യക്തിയായിരുന്നു സാധു ഇട്ടിയവിര.എല്ലാ ജീവിത പ്രയാസങ്ങളെയും ശാന്തമായി നേരിട്ടു.കേരളത്തിലെ ക്രൈസ്തവ ഹൃദയങ്ങളിൽ സാധു ഇട്ടിയവിര എന്ന നാമം ദൈവസ്നേഹത്തിന്റെ പര്യായമായിരുന്നു. പാലായിൽ നിന്നുള്ള പ്രിയ പുത്രൻ കടന്നു വന്ന വഴികൾ ഒരിക്കലും മറന്നില്ല.വലിയ ബഹുമതികൾ ലഭിച്ചപ്പോഴും എളിയവനായി ജീവിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചു.
കർമ്മം കൊണ്ടും ജീവിത സാക്ഷ്യം കൊണ്ടും ആധുനിക ലോകത്തിലെ വലിയ അൽമായ പ്രേഷിതനായി സാധുഇട്ടിയവിര എന്നും നിലകൊള്ളുമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.സാധു ഇട്ടിയവിരയുടെ ഭവനത്തിലെത്തി ഒപ്പീസ് ചൊല്ലി പ്രാർത്ഥിച്ച കല്ലറങ്ങാട്ട് പിതാവ് സാധു ഇട്ടിയവിരയുടെകുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.പ്രൊലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസും സന്നിഹിതനായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26