ദുബായ് ബുർജ് അല്‍ അറബ് ഹോട്ടലിന്‍റെ ഹെലിപാഡില്‍ വിമാനമിറക്കി പോളിഷ് പൈലറ്റ്

ദുബായ് ബുർജ് അല്‍ അറബ് ഹോട്ടലിന്‍റെ ഹെലിപാഡില്‍ വിമാനമിറക്കി പോളിഷ് പൈലറ്റ്

ദുബായ്: ദുബായിലെ പ്രശസ്തമായ ബുർജ് അല്‍ അറബ് ഹോട്ടലിന്‍റെ ഹെലിപാഡില്‍ വിമാനമിറക്കി. 27 അടി നീളമുളള ഹോട്ടലിന്‍റെ ഹെലിപാഡിലേക്ക് പോളിഷ് പൈലറ്റായ ലൂക്ക് ചെപിയേല റെഡ് ബുള്‍ വിമാനത്തിന്‍റെ ബുള്‍സ് ഐ ലാന്‍റിംഗാണ് നടത്തിയത്. 212 മീറ്ററാണ് 56 നിലകളുളള ബുർജ് അല്‍ അറബിന്‍റെ ഉയരം.

ഒരു ദശാബ്ദത്തിലേറെയായി റെഡ് ബുള്ളിന്‍റെ അക്രോബാറ്റിക് ക്യാമ്പുകളില്‍ പരിശീലനം നടത്തുന്നുണ്ട് ചെപിയേല. വിമാനം പൂര്‍ണമായി നില്‍ക്കുന്നതിന് മുമ്പ് ഹെലിപാഡില്‍ നിന്ന് ഒന്നു തെന്നിമാറിയെങ്കിലും നിയന്ത്രണം നഷ്ടപ്പെടാതെ വിമാനം നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.അതായത് 27 മീറ്റർ വ്യാസമുളള വൃത്താകൃതിയിലുളള ഹെലിപാഡില്‍ പറന്നിറങ്ങി വിമാനം നിർത്താന്‍ സാധിച്ചുവെന്ന് ചുരുക്കം. ദുബായ് മീഡിയാ ഓഫീസും വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.650-ലധികം തവണ ലാന്‍ഡിംഗ് പരിശീലനം നടത്തിയ ശേഷമാണ് ഇത്തരമൊരു സാഹസികതയ്ക്ക് അദ്ദേഹം തുനിഞ്ഞതെന്നും മീഡിയ ഓഫീസ് അറിയിച്ചു.

ഇതിന് മുന്‍പും ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട് ബുർജ് അല്‍ അറബിലെ ഹെലിപാഡ്. 2005-ൽ ടെന്നീസിലെ ഏറ്റവും വലിയ രണ്ട് ഇതിഹാസങ്ങളായ റോജർ ഫെഡററും ആന്ദ്രെ അഗാസിയും ഹെലിപാഡിലെ ഒരു താൽക്കാലിക കോർട്ടിൽ ടെന്നീസ് മത്സരം കളിച്ചിരുന്നു. 2013-ൽ മുൻ ഫോർമുല വൺ ഡ്രൈവർ ഡേവിഡ് കൗൾത്താർഡ് റെഡ് ബുൾ റേസിംഗ് കാർ ഹെലിപാഡിലേക്ക് ഓടിക്കുകയും ചെയ്തിട്ടുണ്ട്. 2019-ൽ പ്രൊഫഷണൽ ബിഎംഎക്‌സ് റൈഡർ ക്രിസ് കൈൽ ഹെലികോപ്റ്ററിന്‍റെ അരികിൽ നിന്ന് ബൈക്ക് ഓടിച്ച് ഹെലിപാഡിൽ ഇറങ്ങിയിട്ടുണ്ട്. ഇനി അവർക്കൊപ്പം ചെപിയേലയുടെ റെഡ് ബുൾ വിമാനത്തിന്‍റെ ബുൾസെയ് ലാൻഡിംഗും ചരിത്രത്തില്‍ ഇടം നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.