പാലിന് ക്ഷാമം: വില കൂട്ടാതെ പരിഹാരം കണ്ടെത്തി കര്‍ണാടക സര്‍ക്കാര്‍

പാലിന് ക്ഷാമം: വില കൂട്ടാതെ പരിഹാരം കണ്ടെത്തി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: പാല്‍ ലഭ്യതയില്‍ കുറവ് നേരിട്ടതോടെ, പ്രതിസന്ധി പരിഹരിക്കാന്‍ വില കൂട്ടാതെ തന്നെ മാര്‍ഗം കണ്ടെത്തി കര്‍ണാടക സര്‍ക്കാര്‍. വിലകൂട്ടി സാധാരണക്കാര്‍ക്ക് അമിതഭാരം ഏല്‍പ്പിക്കാതെ പാലിന്റെ അളവില്‍ കുറവ് വരുത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. കര്‍ണാടക കോ ഓപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷനാണ് പായ്ക്കറ്റ് പാലിന് വില വര്‍ധിപ്പിക്കാതെ അളവ് കുറച്ച് വിതരണം ചെയ്യുന്നത്.

നന്ദിനി എന്ന ബ്രാന്‍ഡിലാണ് കര്‍ണാടക കോ ഓപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍ പാല്‍ വിതരണം ചെയ്യുന്നത്. ഒരു ലിറ്റര്‍ പാലിന് 50 രൂപയാണ് ഈടാക്കിക്കൊണ്ടിരുന്നത്. അരലിറ്റര്‍ 24 രൂപയ്ക്കും നല്‍കി വരികയായിരുന്നു. പാല്‍ ലഭ്യതയില്‍ കുറവ് വന്നതോടെ 50 രൂപയ്ക്ക് 900 മില്ലി ലിറ്റര്‍ പാല്‍ നല്‍കാന്‍ തീരുമാനമായി. 24 രൂപയ്ക്ക് 450 മില്ലി ലിറ്റര്‍ പാലും ലഭിക്കും. ഏത് സാധനത്തിന്റെയും അളവ് പായ്ക്കറ്റില്‍ നിന്ന് തന്നെ ഉപഭോക്താക്കള്‍ക്ക് മനസിലാക്കാനാകും.

മറ്റ് പല ഉല്‍പന്നങ്ങളിലും കമ്പനികള്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തുക സാധാരണമാണെങ്കിലും പാല്‍ ഉല്‍പന്ന മേഖലയില്‍ ഇത് പുതിയ പരീക്ഷണമാണ്. ഇങ്ങനെ വില കൂട്ടാതെ ഉല്‍പന്നത്തിന്റെ അളവ് കുറച്ച് വില്‍പനയ്ക്ക് എത്തിക്കുന്ന രീതിക്ക് 'shrinkflation' എന്നാണ് പേര്.

രാജ്യത്ത് പലയിടത്തും കഴിഞ്ഞയിടയ്ക്ക് പാല്‍ ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിരുന്നു. അമുല്‍ ഫെബ്രുവരിയില്‍ പാലിന് ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിച്ചിരുന്നു. ഉയര്‍ന്ന ഉല്‍പാദന ചെലവ് ചൂണ്ടിക്കാട്ടിയാണ് ഇത്തരം വിലവര്‍ധന പ്രാബല്യത്തില്‍ വരാറുള്ളത്. കാലിത്തീറ്റയിലുണ്ടായ വിലവര്‍ധന പോലും ഉല്‍പാദനച്ചെലവ് ഭീമമായി വര്‍ധിപ്പിച്ചെന്ന് അമുല്‍ പറഞ്ഞിരുന്നു.

അതേസമയം പാല്‍ ക്ഷാമമാണ് കര്‍ണാടക മില്‍ക് ഫെഡറേഷന്റെ തീരുമാനത്തിന് പിന്നിലെ കാരണം. 2022 ജൂലൈ മുതല്‍ പ്രതിദിനം പാല്‍ ഉല്‍പാദനത്തില്‍ 10 ലക്ഷം ലിറ്ററിന്റെ കുറവ് വന്നെന്നാണ് റിപ്പോര്‍ട്ട്. ചൂട് കൂടുതലുള്ള കാലാവസ്ഥയടക്കമുള്ള ഘടകങ്ങളാണ് പാല്‍ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചതെന്നാണ് ക്ഷീരകര്‍ഷകര്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.