ന്യൂ ജേഴ്സി: ഏറെ നൂതനമായ കലാപരിപാടികളോടെ നടന്ന മഞ്ച് ഇന്റര്‍നാഷണല്‍ വനിതാദിനാഘോഷം കലാപരിപാടികളുടെ മികവു കൊണ്ടും പങ്കെടുത്തവരുടെ പ്രാതിനിധ്യം കൊണ്ടും അവിസ്‌മരണീയമായി. ഡോ. ഷൈനി രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ ഉത്ഘാടനം ചെയ്തു. വിമൻസ് ഫോറം ചെയര്‍ പേഴ്സണ്‍ മഞ്ജു ചാക്കോ സ്വാഗതം ആശംസിച്ചു.

ഫൊക്കാന മുൻ സെക്രട്ടറിയും ട്രസ്റ്റി ബോർഡ് മെംബറുമായ സജിമോൻ ആന്റണി, തോമസ് മൊട്ടക്കൽ, ട്രസ്റ്റി ബോർഡ് ചെയറും ഫൊക്കാന എക്സി. വൈസ് പ്രസിഡന്റുമായ ഷാജി വർഗീസ്, സെക്രട്ടറി ആന്റണി കാവുങ്കൽ, ട്രഷർ ഷിബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഡോ. ആനി പോൾ തന്റെ ഉത്ഘാടന പ്രസംഗത്തിൽ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി നമുക്ക് നിയമങ്ങൾ ഉണ്ട്; പക്ഷേ നിയമവും ശിക്ഷയുമല്ല നമുക്ക് വേണ്ടത്, സ്ത്രീകളെ ബഹുമാനിക്കാനും സ്നേഹിക്കാനും തയ്യാറാകുന്ന മനുഷ്യ സമൂഹമാണ് യാഥാര്‍ത്ഥ്യമാകേണ്ടത് എന്നു പറഞ്ഞു. വിദ്യാഭ്യാസ നിലവാരത്തിലും സാമൂഹിക – സാമ്പത്തിക നിലയിലും സ്ത്രീകള്‍ മുന്നോട്ട് തന്നെയാണ്, അപ്പോഴും സ്വന്തം വീട്ടില്‍ പോലും അവര്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യവും പലപ്പോഴും നാം കേൾക്കാറുണ്ട്. അതുകൊണ്ടു തന്നെ വനിതാ ദിനം പോരാട്ടത്തിന്റെ ദിനം കൂടിയാണ്. നമുക്കുവേണ്ടി ശബ്‌ദിക്കാൻ നമ്മൾ മാത്രമേ കാണുകയുള്ളു - ഡോ. ആനി പോൾ കൂട്ടിച്ചേർത്തു.
ഡോ. ഷൈനി രാജു തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞത് വിവര സാങ്കേതിക വിദ്യയുടെ വളർച്ച ഇന്ന് ലോകം തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. പക്ഷേ വിവര സാങ്കേതിക വിദ്യ വളരെ വിപുലീകരിച്ചെങ്കിലും സ്ത്രീകളിൽ ആ മാറ്റം വലുതായി പ്രതിഫലിക്കുന്നില്ല. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു നമ്മൾ സ്ത്രീകൾ വളരെ മുന്നോട്ടു പോകുവാൻ ശ്രമിക്കണം. അതിനു വേണ്ടി നമുക്കു കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടി വരുന്നു. നല്ല ഒരു നാളേക്കു വേണ്ടി നമുക്ക് ഒരുമിച്ചു മുന്നോട്ടു പോകാം.

