ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരും കേന്ദ്രവുമായുള്ള അഞ്ചാം ഘട്ട ചര്‍ച്ചയും ഫലം കണ്ടില്ല. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുന്ന കര്‍ഷകര്‍ മറ്റ് ഒത്തുതീര്‍പ്പ് വ്യവസ്ഥകളൊന്നും അംഗീകരിക്കാതെ നിയമം പിന്‍വലിക്കുമോ ഇല്ലയോ എന്നതില്‍ മറുപടിക്കായി 'യെസ് ഓര്‍ നോ' പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ചര്‍ച്ചയ്ക്കിടെ പ്രതിഷേധിച്ചു. ബുധനാഴ്ച വീണ്ടും ചര്‍ച്ച നടക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരും കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ച നാല് മണിക്കൂര്‍ നീണ്ടു. അര്‍ത്ഥശൂന്യമായ ചര്‍ച്ചകള്‍ എന്ന് വിളിച്ച് പുറത്തുപോകുമെന്നും ചര്‍ച്ചയ്ക്കിടെ കര്‍ഷകര്‍ ഭീഷണി മുഴക്കിയിരുന്നു. കേന്ദ്രം ഒരു കരട് തയാറാക്കി തങ്ങള്‍ക്ക് തരും. സംസ്ഥാനങ്ങളുമായും കൂടിയാലോചിക്കണമെന്നും കേന്ദ്രം വ്യക്തമാക്കിയതായി കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഭാരത് ബന്ദ് പ്രഖ്യാപിച്ചതുപോലെ തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് വ്യക്തമാക്കി.
പുതിയ കാര്‍ഷിക നിയമങ്ങളിലെ വിവാദപരമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാമെന്നായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനം. എന്നാല്‍ ഈ നിര്‍ദേശം 40 കര്‍ഷക യൂണിയനുകളുടെ പ്രതിനിധികളും നിരസിച്ചു. അതിനിടെ അഞ്ചാം വട്ട ചര്‍ച്ചയിലും കര്‍ഷക നേതാക്കള്‍ സ്വയം കൊണ്ടുവന്ന ഭക്ഷണമാണ് കഴിച്ചത്. ഡിസംബര്‍ മൂന്നിന് നടന്ന നാലാം റൗണ്ട് ചര്‍ച്ചയിലും കേന്ദ്രത്തിന്റെ ഉച്ചഭക്ഷണം കര്‍ഷക നേതാക്കള്‍ നിരസിച്ചിരുന്നു. അതേസമയം കര്‍ഷകര്‍ ആഹ്വാനം ചെയ്ത ചൊവ്വാഴ്ചത്തെ ഭാരത ബന്ദിന് 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടൈ സംയുക്ത സമിതിയും പിന്തുണയുമായി രംഗത്തെത്തി.അടുത്തിടെ പാസാക്കിയ ലേബര്‍ കോഡുകള്‍ക്കും കാര്‍ഷിക നിയമങ്ങള്‍ക്കുമെതിരെ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകള്‍ നവംബര്‍ 26 ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തിയിരുന്നു.
ഇതിനിടെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു വേണ്ടി ഐക്യരാഷ്ട്ര സഭയും രംഗത്തെത്തി. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും അതിനവരെ അനുവദിക്കണമെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസിന്റെ വാക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിനെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായികുന്നു അദേഹം.
ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തെ കുറിച്ചുള്ള വിദേശ നേതാക്കളുടെ പ്രസ്താവനകളെ ഇന്ത്യ എതിര്‍ത്തിരുന്നു. ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ നേതാക്കള്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് ഇന്ത്യ പറഞ്ഞിരുന്നു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ പ്രസ്താവനക്കെതിരെ വിദേശകാര്യ മന്ത്രാലയ വാക്താവ് അനുരാഗ് ശ്രീവാസ്തവ രംഗത്തെത്തിയിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്താനായി ഇന്ത്യ കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.