കത്തോലിക്കാസഭയും പൗരോഹിത്യ ബ്രഹ്മചര്യവും; മാർപ്പാപ്പയുടെ പ്രസ്താവന വിവാദമാക്കുന്നവർ അറിയാൻ

കത്തോലിക്കാസഭയും പൗരോഹിത്യ ബ്രഹ്മചര്യവും; മാർപ്പാപ്പയുടെ പ്രസ്താവന വിവാദമാക്കുന്നവർ അറിയാൻ

മാർപ്പാപ്പയായതിന്റെ 10 വർഷങ്ങൾ തികയുന്നതിന്റെ ഭാഗമായി സ്പാനിഷ് പത്രമായ ഇൻഫൊബേയുടെ പത്രാധിപർ ഡാനിയേൽ ഹദാദിന് നൽകിയ വിശദമായ അഭിമുഖത്തിൽ കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് വളരെ വിശദമായി പോപ്പ് ഫ്രാൻസിസ് സംസാരിച്ചു. സ്വവർഗരതി, തന്റെ ആരോഗ്യം, ലാറ്റിനമേരിക്കൻ രാഷ്ട്രീയം, വൈദികരുടെ ബ്രഹ്മചര്യം, സഭയിലെ അച്ചടക്കം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് മാർപ്പാപ്പ സംസാരിച്ചു.

പുരോഹിതരെ വിവാഹം കഴിക്കാൻ അനുവദിച്ചാൽ കത്തോലിക്കാ സഭയിൽ ദൈവവിളി വർദ്ധിക്കില്ലേ എന്ന ചോദ്യത്തിന്, തീർച്ചയായും താൻ അങ്ങനെ വിശ്വസിക്കുന്നില്ല എന്ന മറുപടിയാണ് മാർപ്പാപ്പ നൽകിയത്. ദൈവവിളി വർദ്ധിക്കുന്നതും വൈദിക ബ്രഹ്മചര്യവും തമ്മിൽ യാതൊരു ബന്ധവുമില്ല. ക്രിസ്തു സ്ഥാപിച്ച പൗരോഹിത്യം പോലെയോ, വി. കുർബാന പോലെയോ ബ്രഹ്മചര്യം ശാശ്വതമല്ല. അത് എപ്പോൾ വേണമെങ്കിലും പുനഃപരിശോധിക്കാനും മാറ്റങ്ങൾ വരുത്താനും സഭയ്ക്കു സാധിക്കും എന്നാണ് മാർപ്പാപ്പ നൽകിയ മറുപടി. ഈ ഒരു വാചകത്തിന്റെ പിൻബലത്തിൽ മാർപ്പാപ്പ കത്തോലിക്കാ സഭയിലെ ബ്രഹ്മചര്യം അവസാനിപ്പിക്കുന്നു എന്ന രീതിയിൽ മാധ്യമങ്ങളായ മാധ്യമങ്ങളെല്ലാം വാർത്ത നൽകി.

പാശ്ചാത്യ സഭകളിൽ മാത്രമാണ് ഇപ്രകാരം ഒരു നിയമമുള്ളത്. എന്നാൽ പല പൗരസ്ത്യ സഭകളും ഇത് ഒരു പാരമ്പര്യമായി പരിഗണിച്ച് പിന്തുടർന്നു പോരുന്നു. ഏതായാലും പാപ്പായുടെ പല അഭിപ്രായങ്ങളെയും കത്തോലിക്കാസഭയുടെ അന്തിമ തീരുമാനമെന്ന മട്ടിൽ ആഘോഷിക്കുന്ന മാധ്യമങ്ങൾ ബ്രഹ്‌മചര്യ വിഷയത്തെയും ആഘോഷിക്കുമ്പോൾ, കത്തോലിക്കാ സഭയുടെ ചട്ടവട്ടങ്ങളും പ്രവർത്തന ശൈലിയും അറിയാവുന്നവർ സഭയുടെ ഔദ്യോഗിക തീരുമാനത്തിനായി കാത്തിരിക്കും.

പാപ്പായുടെ വാക്കുകളുടെ ഇംഗ്ലീഷ് പരിഭാഷ ചുവടെ ചേർക്കുന്നു.

"Celibacy in the western church is a temporary prescription: I don’t know if it will be resolved in one way or another, but it is provisional in this sense, it is not eternal like priestly ordination, which is forever, whether you like it or not,” he said, saying a man must discern before his ordination whether he wants to marry or remain celibate"

എ.ഡി. 1053 ൽ ഗ്രിഗറി ഏഴാമൻ മാർപ്പാപ്പയാണ് കത്തോലിക്കാസഭയിലെ പുരോഹിതർക്ക് ബ്രഹ്മചര്യം അനിവാര്യമാണെന്ന നിലപാട് സ്വീകരിച്ചത്. എ.ഡി. 1139-ഓടുകൂടി ഈ നിയമം ലോകം മുഴുവൻ നടപ്പിലാക്കിത്തുടങ്ങി. സഭയുടെ തുടക്കത്തിൽത്തന്നെ ബ്രഹ്മചര്യത്തെക്കുറിച്ചുള്ള ചർച്ചകളും ചിന്തകളും ഉണ്ടായിരുന്നു. വി. പൗലോസിന്റെ ദൈവശാസ്ത്രം പിന്തുടർന്ന ആദിമ സഭാപിതാക്കന്മാർ വൈദികരുടെ വിവാഹത്തെ എതിർത്തിരുന്നില്ല. രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളാണ് ബ്രഹ്മചര്യം നിർബന്ധമാക്കാൻ സഭയെ പ്രേരിപ്പിച്ചത്. ഒന്നാമത്, കത്തോലിക്കാ പുരോഹിതൻ ക്രിസ്തുവിന്റെ മുന്തിരിത്തോപ്പിലെ മുഴുവൻ സമയ വേലക്കാരനാകണം; വിവാഹം കഴിച്ച് കുടുംബ കാര്യങ്ങളിൽ വ്യാപൃതനായാൽ സഭയുടെയും, ശിരസ്സായ ക്രിസ്തുവിന്റെയും ശുശ്രൂഷകൾക്ക് സമയം ലഭിക്കില്ല എന്ന ബോധ്യം. രണ്ടാമത്, സാമ്പത്തികമായി വലിയ വെല്ലുവിളികൾ നേരിട്ട സമയത്ത് വിവാഹം കഴിക്കാതെ ബ്രഹ്മചര്യം സ്വീകരിച്ചാൽ അവരുടെ സ്വത്തുവകകൾ സഭയ്ക്ക് സ്വന്തമാകും, അതിലൂടെ സഭയുടെ സാമ്പത്തികാടിത്തറ ഭദ്രമാകും എന്ന വിചാരം.

ബ്രഹ്മചര്യം എന്നത് മാറ്റാൻ പറ്റാത്ത ഒരു നിയമമല്ല, മറിച്ച് അതൊരു അച്ചടക്കമായാണ് കത്തോലിക്കാസഭ പരിഗണിക്കുന്നത്. (The Catholic Church considers the law of clerical celibacy to be not a doctrine, but a discipline) പൗരസ്ത്യ കത്തോലിക്കാസഭയിലെ അസീറിയൻ റീത്തിലെ വൈദികർക്ക് വൈദിക പട്ടം സ്വീകരിക്കുന്നതിന് മുമ്പ് വിവാഹം കഴിക്കാനുള്ള അനുവാദമുണ്ട്. മറ്റു പല പൗരസ്ത്യ സഭകളിലും പൗരോഹിത്യ ബ്രഹ്‌മചര്യം നിർബന്ധമല്ല. യാക്കോബായ, ഓർത്തഡോക്സ്‌ സഭകളിലെ വൈദികർക്ക് വിവാഹം കഴിക്കാനുള്ള അനുവാദം ഉണ്ട്. എന്നാൽ ബ്രഹ്മചര്യം പിന്തുടരുന്ന പട്ടക്കാരെ മാത്രമേ മെത്രാൻ സ്ഥാനത്തേക്ക് അവർ പരിഗണിക്കാറുള്ളു. ഉദയംപേരൂർ സൂനഹദോസ് വരെ കേരളത്തിലെ കത്തോലിക്കാ പുരോഹിതർ വിവാഹം കഴിച്ചിരുന്നു എന്ന് ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.