സഭാ ടിവിയില്‍ പ്രതിഷേധങ്ങള്‍ക്ക് സെന്‍സര്‍; സമാന്തര ഇടപെടലുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷം

സഭാ ടിവിയില്‍ പ്രതിഷേധങ്ങള്‍ക്ക് സെന്‍സര്‍; സമാന്തര ഇടപെടലുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ സെന്‍സര്‍ ചെയ്യുന്ന സഭാ ടിവി നടപടിയില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. നിയമസഭയ്ക്ക് അകത്തെ പ്രതിപക്ഷ ദൃശ്യങ്ങള്‍ കാണിക്കാന്‍ തയ്യാറായില്ലെങ്കില്‍ സമാന്തര ഇടപെടലുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സഭാ ടിവി ഉന്നതാധികാര സമിതിയില്‍ നിന്ന് പ്രതിപക്ഷ അംഗങ്ങളുടെ രാജി വാര്‍ത്തക്ക് പിന്നാലെ പുതിയ അംഗങ്ങളെ സഭാ ടിവിയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചു.

നിയമസഭാ നടപടികളുടെ തത്സമയ സംപ്രേഷണത്തില്‍ പ്രതിപക്ഷ ദൃശ്യങ്ങള്‍ സെന്‍സര്‍ ചെയ്യുന്ന സഭാ ടിവി നടപടിയില്‍ രണ്ട് തവണയാണ് വി.ഡി സതീശന്‍ സ്പീക്കര്‍ക്ക് രേഖാ മൂലം പരാതി നല്‍കിയത്. ഫലമൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ പോലും കാണിക്കുന്നത് മന്ത്രിമാരുടെ മുഖമാണ്. സഭക്ക് അകത്തെ പ്രതിഷേധം പുറം ലോകത്തെ കാണിക്കാന്‍ തയ്യാറാകാത്ത നടപടിയില്‍ പ്രതിഷേധിച്ച് നാല് യുഡിഎഫ് എംഎല്‍എമാര്‍ സഭാ ടിവി ഉന്നതാധികാര സമിതിയില്‍ നിന്ന് രാജി വച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം നിലപാട് കടുപ്പിക്കാനൊരുങ്ങുന്നത്.

നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്ററായാണ് സഭാ ടിവിക്ക് പുതിയ എഡിറ്റോറിയല്‍ ബോര്‍ഡ് വരുന്നത്. കെ കുഞ്ഞുകൃഷ്ണന്‍, ടി ടി പ്രഭാകരന്‍, തനൂജ ഭട്ടതിരി, ബിന്ദു ഗണേഷ് കുമാര്‍, കെ മോഹന്‍കുമാര്‍, ഇ സനീഷ്, ഇ കെ മുഷ്താഖ്, ബി എസ് സുരേഷ് കുമാര്‍ എന്നിവരാണ് അംഗങ്ങള്‍. സഭാ ടിവി പരിപാടികളുടെ ചിത്രീകരണ മേല്‍നോട്ടത്തിനാണ് സമിതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.