കൊല്‍ക്കത്ത: കോണ്‍ഗ്രസിനെ ഒഴിവാക്കി ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള നീക്കം വീണ്ടും ശക്തമാകുന്നു.
ഇതുമായി ബന്ധപ്പെട്ട് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കൊല്‍ക്കത്തയിലെത്തി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയെയും കോണ്‍ഗ്രസിനെയും ഒഴിവാക്കി പുതിയ മുന്നണിയാണ് ലക്ഷ്യം.
ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്നായികിനെ കൂടി മുന്നണിയിലെത്തിക്കാന്‍ മമത നീക്കം നടത്തുന്നുണ്ട്. അടുത്ത ആഴ്ച മമത നവീന്‍ പട്നായികിനെ കാണും. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ മുഖമാക്കാനുള്ള ശ്രമത്തെ മറികടക്കാനുള്ള നീക്കമാണ് ഇവര്‍ നടത്തുന്നത്.
കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്റെ ബിഗ് ബോസ് ആണെന്നത് തെറ്റിദ്ധാരണയാണന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സുദീപ് ബന്ദോപാധ്യായ പറഞ്ഞു. മമതാ ബാനര്‍ജി മാര്‍ച്ച് 23 ന് നവീന്‍ പട്നായികിനെ കാണുന്നുണ്ട്. പുതിയ സഖ്യം രൂപീകരിക്കുന്ന കാര്യം അവര്‍ ചര്‍ച്ച ചെയ്യും.
ഇതൊരു മൂന്നാം മുന്നണിയാണെന്ന് അവകാശപ്പെടുന്നില്ലെന്നും എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ബിജെപിയെ നേരിടാനുള്ള കരുത്തുണ്ടെന്നും ബന്ദോപാധ്യായ പറഞ്ഞു. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും തുല്യ അകലം പാലിക്കുമെന്നും ബംഗാളില്‍ മമതക്കൊപ്പമാണ് തങ്ങളെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v