2021 ആര് ആഘോഷിക്കും? ജോസോ....ജോസഫോ?

2021 ആര് ആഘോഷിക്കും? ജോസോ....ജോസഫോ?

കൊച്ചി: 2021 പുതുവര്‍ഷം ആര് ആഘോഷിക്കും? ജോസോ....ജോസഫോ? പതിവ് തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷമുണ്ടാകുന്ന ചോദ്യമായ എല്‍ഡിഎഫോ അതോ യുഡിഎഫോ? എന്നതില്‍ നിന്നും അല്‍പ്പം വ്യത്യസ്ഥതയുണ്ട് ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഈ തെരഞ്ഞെടുപ്പില്‍. കാരണം വളരും തോറും പിളരുമെന്നും പിളരും തോറും വളരുമെന്നുമുള്ള രാഷ്ടീയ സൂത്രവാക്യം മലയാളികള്‍ക്ക് മനസിലാക്കി കൊടുത്ത കേരളാ കോണ്‍ഗ്രസിന്റെ അവസാന പിളര്‍പ്പിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്.

പിളര്‍ന്ന് എല്‍ഡിഎഫിലേക്ക് പോയ ജോസ് കെ. മാണി വിഭാഗവും യുഡിഎഫില്‍ തുടരുന്ന പി.ജെ ജോസഫ് വിഭാഗവും പരസ്പരം ഏറ്റുമുട്ടി അങ്കത്തട്ടിലുണ്ട്. ഇരുകൂട്ടര്‍ക്കും ജയിച്ചേ പറ്റൂ. കാരണം അത് രാഷ്ടീയ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഈ മാസം 8, 10, 14 തിയതികളില്‍ നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇരു മുന്നണികള്‍ക്കും പ്രത്യേകിച്ച്് കേരളാ കോണ്‍ഗ്രസുകള്‍ക്ക് ഏറെ നിര്‍ണായകമാണ്. കാരണം 2021 മെയ് മാസത്തില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ ആണ് ഇപ്പോള്‍ നടക്കുന്നത്.

ത്രിതല തെരഞ്ഞെടുപ്പു ഫലം ഇടത്, വലത്, എന്‍ഡിഎ മുന്നണികളെ സംബന്ധിച്ചിടത്തോളം മുന്നറിയിപ്പോ, ആശ്വാസമോ ആയി മാറിയാലും കേരളാ കോണ്‍ഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങള്‍ക്ക് ജീവന്‍ മരണ പോരാട്ടമാണ്. ഇതിലെ പെര്‍ഫോമന്‍സ് വിലയിരുത്തി മാത്രമേ ഇരു ഗ്രൂപ്പുകള്‍ക്കും ഇടത്, വലത് മുന്നണികളില്‍ സ്വീകാര്യതയും വില പേശാനുള്ള ശക്തിയും ഉണ്ടാകൂ. കഴിഞ്ഞ ഉപ തെരഞ്ഞെടുപ്പില്‍ എന്‍സിപി പ്രതിനിധി മാണി സി കാപ്പന്‍ അട്ടിമറി വിജയം നേടിയ കെ.എം മാണിയുടെ സ്വന്തം തട്ടകമായ പാല സീറ്റ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് നല്‍കിയേക്കാമെന്ന സിപിഎം നേതൃത്വത്തിന്റെ ഉറപ്പ് അടക്കം ചില നല്ല വാഗ്ദാനങ്ങള്‍ കിട്ടിയതിനാലാണ് ജോസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇടതില്‍ ചേക്കേറിയത്.

ജോസിന്റെ വരവില്‍ അത്ര സന്തുഷ്ടരല്ലാത്ത സിപിഐയെ അനുനയിപ്പിച്ച് ജോസിനും കൂട്ടര്‍ക്കും കൂടുതല്‍ നിയമസഭാ സീറ്റുകള്‍ നല്‍കുക എന്നത് സിപിഎമ്മിന് തലവേദന തന്നെയാണ്. മാണി സി കാപ്പന് പാല നല്‍കാതിരുന്നാല്‍ എന്‍സിപിയും ഉടക്കും. ചുരുക്കത്തില്‍ സിപിഎം നല്‍കിയ ഓഫര്‍ ജോസ് പക്ഷത്തിന് ലഭ്യമാകണമെങ്കില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സൂപ്പര്‍ പെര്‍ഫോമന്‍സ് കാഴ്ച വയ്ക്കണം. പാസ് മാര്‍ക്ക് പോര, ക്ലാസ് മാര്‍ക്ക് വാങ്ങുക തന്നെ വേണം.

യുയിഎഫില്‍ പി.ജെ ജോസഫ് പക്ഷം നേരിടുന്നതും സമാന സാഹചര്യമാണ്. പാര്‍ട്ടിയുടെ രണ്ടില ചിഹ്നവുമായി ഔദ്യോഗിക പരിവേഷമണിഞ്ഞ് ജോസ് കെ മാണി ചുവപ്പു പാളയത്തില്‍ ചേക്കേറിയെങ്കിലും അണികള്‍ തങ്ങള്‍ക്കൊപ്പമാണ് എന്ന് തെളിയിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് ജോസഫ് ഗ്രൂപ്പിന്റെ ചുമലിലുള്ളത്. ജോസ് പക്ഷം പോയാലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ പ്രാവശ്യം നല്‍കിയ അത്രയും തന്നെ സീറ്റുകള്‍ തങ്ങള്‍ക്ക് ലഭിക്കണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ജോസഫ് വിഭാഗം നേതാക്കള്‍ ഇപ്പോള്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതൊരിക്കലും നടക്കാത്ത സ്വപ്‌നമാണങ്കിലും വിലപേശല്‍ തുടരണമെങ്കില്‍ ത്രിതലത്തല്‍ ശക്തി തെളിയിക്കണം.

മധ്യ കേരളത്തില്‍ ഏറെ സ്വാധീനമുള്ള രാഷ്ടീയ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. വടക്കന്‍ കേരളത്തിന്റെ മലയോര മേഖലകളിലും അത്യാവശ്യം വേരോട്ടമുണ്ട്. ഈ സ്വാധിനവും വേരോട്ടവും ആര്‍ക്കാണ് കൂടുതലുള്ളത് എന്ന് രാഷ്ട്രീയ കേരളത്തെ തെളിയിച്ചു കൊടുക്കേണ്ട ബാധ്യത ജോസിനും ജോസഫിനുമുണ്ട്. അതിനാല്‍ ഇരു വിഭാഗവും അരയും തലയും മുറുക്കി അങ്കത്തട്ടിലുണ്ട്. കാത്തിരുന്നു കാണാം....പുതുവര്‍ഷം ആര് ആഘോഷിക്കുമെന്ന്.

ജെ.ജെ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.