സി.പി.എം പ്രതിരോധ ജാഥയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം

സി.പി.എം പ്രതിരോധ ജാഥയ്ക്ക് ഇന്ന് തിരുവനന്തപുരത്ത്  സമാപനം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. പുത്തരിക്കണ്ടം മൈതാനിയില്‍ വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

'കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഫെബ്രുവരി 20 ന് കാസര്‍കോഡ് നിന്നാണ് ജനകീയ പ്രതിരോധജാഥയ്ക്ക് തുടക്കമായത്.

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തിയാണ് ജാഥ തലസ്ഥാനത്ത് സമാപിക്കുന്നത്. എം.വി ഗോവിന്ദനെ കൂടാതെ പി.കെ ബിജു, എം. സ്വരാജ്, സി.എസ് സുജാത, കെ.ടി ജലീല്‍, ജെയ്ക്ക് സി. തോമസ് എന്നിവരായിരുന്നു മറ്റു ജാഥാംഗങ്ങള്‍.

കേന്ദ്ര നയങ്ങള്‍ തുറന്നു കാട്ടുകയായിരുന്നു യാത്രയുടെ ലക്ഷ്യമെങ്കിലും നിരവധി വിവാദങ്ങള്‍ക്ക് എം.വി ഗോവിന്ദന് മറുപടി പറയേണ്ടി വന്നു. ഇ.പി ജയരാജനെതിരെ പി. ജയരാജന്‍ ഉയര്‍ത്തിയ വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ തുടങ്ങി സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണം വരെ ജാഥയിലുടനീളം നിറഞ്ഞു നിന്നു.

ഉദ്ഘാടന ചടങ്ങിലും കണ്ണൂരിലെ സ്വീകരണങ്ങളിലും ഇ.പി ജയരാജന്‍ പങ്കെടുക്കാതിരുന്നതും യാത്രയ്ക്കിടെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.