മില്‍മ ഡയറി ഫാമില്‍ അമോണിയ ചോര്‍ച്ച; കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പതുപേര്‍ ആശുപത്രിയില്‍

മില്‍മ ഡയറി ഫാമില്‍ അമോണിയ ചോര്‍ച്ച; കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പതുപേര്‍ ആശുപത്രിയില്‍

പാലക്കാട്: മില്‍മ ഡയറി ഫാമില്‍ വാതകച്ചോര്‍ച്ച. കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പതുപേര്‍ ആശുപത്രിയില്‍. പാലക്കാട് കല്ലേപ്പുള്ളി ഡയറി ഫാമിലാണ് കോള്‍ഡ് സ്റ്റോറേജില്‍ നിന്ന് അമോണിയ ചോര്‍ന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയിരുന്നു സംഭവം. സംഭവത്തില്‍ നഗരസഭ കൗണ്‍സിലറുടെ നേതൃത്വത്തില്‍ മില്‍മ ഡയറിയിലെത്തി പ്രതിഷേധിച്ചു.

വാതകം ശ്വസിച്ചുണ്ടായ അസ്വസ്ഥതകളെ തുടര്‍ന്ന് അഞ്ച് കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ ഒന്‍പതുപേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. രാത്രി വൈകിയും പ്രതിഷേധം തുടര്‍ന്നതോടെയാണ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പ്ലാന്റില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് ചോര്‍ച്ചയുണ്ടായ പൈപ്പ് അടച്ചതായും അധികൃതര്‍ പറഞ്ഞു.

വാതക ചോര്‍ച്ചയെ തുടര്‍ന്ന് ജനങ്ങള്‍ക്ക് കണ്ണിന് പുകച്ചിലും രൂക്ഷഗന്ധം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. മുന്‍പും ഇത്തരത്തില്‍ ഡയറിയില്‍ നിന്ന് വാതക ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും, സുരക്ഷപാളിച്ച ആവര്‍ത്തിക്കുന്നതായും നാട്ടുകാര്‍ ആരോപിച്ചു. ഇതിനിടയില്‍ നാട്ടുകാരും പൊലീസും തമ്മില്‍ ഉന്തും തളളും ഉണ്ടായി.

കൃത്യമായ ഇടവേളകളില്‍ പ്ലാന്റില്‍ അറ്റകുറ്റപ്പണി നടത്താറുണ്ടെന്ന് പ്ലാന്റ് മാനേജര്‍ പറഞ്ഞു. അറ്റകുറ്റപ്പണികള്‍ക്കിടയില്‍ നേരിയ തോതില്‍ വാതകം ചോര്‍ന്നതായി സ്ഥിരീകരിച്ചു. എന്നാല്‍ അപകടകരമായ തോതില്‍ വാതകച്ചോര്‍ച്ച ഉണ്ടായില്ലെന്നുമാണ് മാനേജര്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.