മാര്‍ ജോസഫ് പൗവ്വത്തിലിന്റെ കബറടക്കം മാര്‍ച്ച് 22 ന്; അനുശോചനം അറിയിച്ച് പ്രമുഖര്‍

മാര്‍ ജോസഫ് പൗവ്വത്തിലിന്റെ കബറടക്കം മാര്‍ച്ച് 22 ന്; അനുശോചനം അറിയിച്ച് പ്രമുഖര്‍

കൊച്ചി: സഭയ്ക്ക് ദിശാ ബോധം നല്‍കിയ ഇടയശ്രേഷ്ഠനെയാണ് മാര്‍ ജോസഫ് പൗവ്വത്തിലിന്റെ വിയോഗത്തോടെ സഭയ്ക്ക് നഷ്ടമായിരിക്കുന്നത്. മാര്‍ ജോസഫ് പൗവ്വത്തിലിന്റെ കബറടക്കം ഔദ്യോഗിക ബഹുമതികളോടെ മാര്‍ച്ച് 22 ന് ചങ്ങനാശേരി കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. അദ്ദേഹത്തിന്റെ വിയോഗത്തില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപ്പേര്‍ അനുശോചനം രേഖപ്പെടുത്തി.

സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി,സിബിസിഐ ( ഭാരതീയ മെത്രാന്‍ സമിതി) പ്രസിഡണ്ട് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനി, ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, കേന്ദ്ര മന്ത്രി വി. മുരളീധരന്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി, പി.ജെ ജോസഫ്, മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

സഭയുടെ മാര്‍ഗദര്‍ശിയായിരുന്നു പൗവത്തില്‍ പിതാവെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുസ്മരിച്ചു. വിദ്യാഭ്യാസരംഗത്ത് അദ്ദേഹം നല്‍കിയ സേവനങ്ങള്‍ നിസ്തുലമാണെന്നും സഭയുടെ രാഷ്ട്രീയ കാഴ്ചപ്പാട് അറിയാന്‍ നേതാക്കള്‍ അദ്ദേഹത്തെ തേടിയെത്തിയെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.

വിശ്വാസത്തിലൂന്നി കര്‍ശന നിലപാടുകള്‍ സ്വീകരിച്ചിരുന്ന സഭാ മേധാവിയെയാണ് നഷ്ടമായതെന്ന് വി.ഡി സതീശന്‍ പ്രതികരിച്ചു. 'വിശ്വാസത്തിലൂന്നി കര്‍ശന നിലപാടുകള്‍ സ്വീകരിച്ചിരുന്ന സഭാ മേധാവിയായിരുന്നു അദ്ദേഹം. 'സഭയുടെ കിരീടം' എന്നാണ് ബനഡിക്ട് മാര്‍പാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സിറോ മലബാര്‍ സഭയുടെ തനത് ആരാധനാക്രമം പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതും മാര്‍ ജോസഫ് പൗവത്തിലായിരുന്നു. ഗുരുശ്രേഷ്ഠനായ ആര്‍ച്ച് ബിഷപ് ഇമെരിറ്റസ് ജോസഫ് പൗവത്തിലിന്റെ നിര്യാണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. വിശ്വാസി സമൂഹത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

രണ്ടുപതിറ്റാണ്ടുകാലം ചങ്ങനാശേരി അതിരൂപതയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ച മാര്‍ പൗവത്തില്‍ സഭയുടെ ക്രാന്ത ദര്‍ശിയായ ആചാര്യനായിരുന്നുവെന്ന് കെ.സി.വേണുഗോപാല്‍. ആരാധനാക്രമ പരിഷ്‌കരണം, സാശ്രയ വിദ്യാഭ്യാസം എന്നിവയില്‍ കര്‍ക്കശ നിലപാടെടുത്ത അദ്ദേഹം കര്‍ഷകര്‍ക്കായി എന്നും നിലകൊണ്ടു.

അഞ്ച് മാര്‍പാപ്പമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹത്തെ ബനഡിക്ട് മാര്‍പാപ്പ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും (കെസിബിസി) അധ്യക്ഷന്‍, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്.ആഴമേറിയ ആദ്ധ്യാത്മികതയും സഭാത്മകമായ ഉള്‍ക്കാഴ്ചയും പാണ്ഡിത്യവും കൈമുതലായുണ്ടായിരുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തിന്റെ വിയോഗം കേരളീയ സമൂഹത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

പൗവത്തില്‍ പിതാവിന്റെ വേര്‍പാട് വലിയ നഷ്ടമെന്നാണ് വി.മുരളീധരന്‍ പ്രതികരിച്ചത്. സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനുമായി ജീവിതം ഉഴിഞ്ഞുവച്ച പൗവത്തില്‍ പിതാവിന്റെ വേര്‍പാട് വലിയ നഷ്ടമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ലാളിത്യത്തിന്റെ പൂര്‍ണതയുള്ള മഹനിയ ജീവിതത്തിന്റെ ഉടമയായിരുന്നു ജോസഫ് പൗവത്തില്‍. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ ഉപജ്ഞാതാവും വിദ്യാഭ്യാസ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളുടെ മുന്നണി പോരാളിയുമായ അദ്ദേഹത്തിന്റെ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ അജപാലന ജീവിതയാത്ര സമാനതകള്‍ ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.