'സീറോമലബാര്‍ സഭയുടെ കിരീടം': മർ പൗവ്വത്തിലിന്റെ മൃതസംസ്കാര ചടങ്ങുകൾ 21,22 തീയതികളിൽ; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും

'സീറോമലബാര്‍ സഭയുടെ കിരീടം': മർ പൗവ്വത്തിലിന്റെ മൃതസംസ്കാര ചടങ്ങുകൾ 21,22 തീയതികളിൽ; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും

ചങ്ങനാശേരി: സഭാ വിജ്ഞാനീയത്തിലെ പാണ്ഡിത്യത്താലും നിലപാടുകളുടെ കൃത്യതയിലും ശ്രദ്ധേയനായ ചങ്ങനാശേരി അതിരൂപതാ മുൻ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പൗവ്വത്തിലിനെ ബനഡിക്ട്‌ മാര്‍പാപ്പ വിശേഷിപ്പിച്ചത് 'സീറോമലബാര്‍ സഭയുടെ കിരീടം' എന്നാണ്. മാര്‍ പൗവ്വത്തിലിന്റെ കാലഘട്ടത്തിലാണ്‌ സിറോ മലബാര്‍ സഭയുടെ വൃക്തിത്വം വീണ്ടെടുക്കാനും തനത്‌ ആരാധനാക്രമം പുനരുദ്ധരിക്കാനുമുള്ള തീഷ്ണ ശ്രമങ്ങൾ നടന്നതും വിദ്യാഭ്യാസ വിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ കേരളത്തില്‍ മുഴങ്ങിയതും. 

1972 ലെ കോളജ്‌ സമരം എന്ന വിദ്യാഭ്യാസ പ്രക്ഷോഭത്തിന്‌ നെടുനായകത്വം വഹിച്ച്‌ അതിനെ വിജയത്തിലെത്തിക്കാന്‍ മാര്‍ പൗവ്വത്തിലിന് കഴിഞ്ഞു. യുവജന പ്രേഷിതത്വത്തിലും സീറോമലബാര്‍ സഭയുടെ ആരാധന്രക്രമ പുനരുദ്ധാരണത്തിലും പൗരസ്ത്യ പാരമ്പര്യ സംരക്ഷണത്തിലും അത്മായ ദൈവശാസ്ത്ര പരിശീലനത്തിലും വിദ്യാഭ്യാസ - ന്യൂനപക്ഷ അവകാശങ്ങളുടെ നിലനിൽപ്പിലും കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലും പിതാവ്‌ സുധീരമായ ചുവടുവയ്പുകള്‍ നടത്തി.

1930 ഓഗസ്റ്റ്‌ 14 ന് കുറുമ്പനാടം പൗവത്തില്‍ കുടുംബത്തില്‍ ഉലഹന്നാന്‍ - മറിയക്കുട്ടി ദമ്പതികളുടെ പുത്രനായി ജനിച്ച ജോസഫ്‌ പൗവത്തില്‍ 1962 ഒക്ടോബര്‍ 3 നാണ്‌ പൗരോഹിത്യം സ്വീകരിച്ചത്‌. 1972 ജനുവരി 29 ല്‍ ചങ്ങനാശേരി അതിരൂപതയുടെ സഹായ മ്രെതാനായി അദ്ദേഹത്തെ പ്രഖ്യാപിച്ചു. 1972 ഫെബ്രുവരി 13 ന് വത്തിക്കാനില്‍ വച്ച്‌ പോള്‍ ആറാമന്‍ മാര്‍പാപ്പയില്‍ നിന്ന്‌ മ്രെതാഭിഷേകം സ്വീകരിച്ചു. 1977ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായ പിതാവ്‌ രൂപതയുടെ അടിത്തറപാകിയ കര്‍മ്മയോഗിയായിരുന്നു. 

1985 മുതല്‍ 2007 വരെ ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ്പായി സേവനം ചെയ്തു. ഭാരതീയ കത്തോലിക്കാ മ്രെതാന്‍ സമിതിയുടെയും (സി.ബി.സി.ഐ) കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെ.സി.ബി.സി) അധ്യക്ഷന്‍, സിബിസിഐ വിദ്യാഭ്യാസ കമ്മീഷന്റെയും യുവജന കമ്മീഷന്റെയും ചെയര്‍മാന്‍. ഇന്റര്‍ ചര്‍ച്ച്‌ കണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍ വിയന്ന ക്രേന്ദ്രമായ എക്യുമെനിക്കല്‍ പ്രസ്ഥാനമായ പ്രോ ഓറിയന്‍തെ ഫൌണ്ടേഷന്റെ സ്ഥിരാംഗം തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്‌. 

1985 മുതല്‍ 2007 വരെ റോമില്‍ നടന്ന എല്ലാ മ്രെതാന്‍ സിനഡിന്റെയും പ്രത്യേക ക്ഷണിതാവായിരുന്നു. പൗരസ്ത്യരത്നം, സഭാതാരം, മാര്‍ത്തോമാ പുരസ്കാരം തുടങ്ങിയ അവാര്‍ഡുകളും വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ ഓണററി ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 

അശരണര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടി ആശാഭവന്‍, സ്നേഹനിവാസ്‌ എന്നീ സ്ഥാപനങ്ങളും മ്രെതാഭിഷേക രജത ജൂബിലിയുടെ ആഘോഷങ്ങള്‍ ഒഴിവാക്കി ജിവകാരുണ്യനിധിയും പിതാവ്‌ ആരംഭിച്ചു. 1964 മുതല്‍ ഒരു ദശാബ്ദക്കാലത്തോളം ചങ്ങനാശേരി എസ്ബി കോളജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. 

എന്‍.എസ്‌.എസ്‌ മുന്‍ പ്രസിഡന്റ അന്തരിച്ച പി.കെ. നാരായണപ്പണിക്കരുടെ സഹപാഠിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഗുരുവര്യനുമായിരുന്നു. 1986 ജനുവരി 17 ന്‌ ചങ്ങനാശേരി അതിരൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റു. ഭാരതം സന്ദര്‍ശിച്ച ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ അതിരൂപതയിലേക്ക് സ്വീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. മ്രെതാപ്പോലീത്തന്‍ സ്ഥാനത്തുനിന്ന്‌ 2007 മാര്‍ച്ച്‌ 19ന്‌ വിരമിച്ചു.

മാര്‍ പൗവ്വത്തിലിന്റെ മൃതസംസ്കാര ചടങ്ങുകൾ 21, 22 തീയതികളിൽ നടക്കും. 21 ന് രാവിലെ ഏഴിന് ചങ്ങനാശേരി അതിരൂപതാ ഭവനത്തില്‍ വി.കുര്‍ബാനയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും നടക്കും. 9.30 ന് ചങ്ങനാശേരി മ്മെതാപ്പോലീത്തന്‍ പള്ളിയിലേയ്ക്ക്‌ വിലാപയാത്ര. തുടർന്ന് പൊതുദര്‍ശനം.

22 ന് രാവിലെ 9.30 ന് മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം. 10 മണിക്ക് വിശുദ്ധ കുര്‍ബാന. നഗരി കാണിക്കല്‍. തുടർന്ന് മൃതസംസ്കാരം. സീറോ മലബാർ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മൃതസംസ്കാര ശുശ്രൂഷകള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26