തമിഴ്‌നാട്ടിൽ ബി.ജെ.പി-അണ്ണാ ഡി.എം.കെ സഖ്യം തകരുന്നു: ബി.ജെ.പിയിൽ കൊഴിഞ്ഞ് പോക്ക്; രാജി ഭീഷണിയുമായി സംസ്ഥാന അധ്യക്ഷൻ

തമിഴ്‌നാട്ടിൽ ബി.ജെ.പി-അണ്ണാ ഡി.എം.കെ സഖ്യം തകരുന്നു: ബി.ജെ.പിയിൽ കൊഴിഞ്ഞ് പോക്ക്; രാജി ഭീഷണിയുമായി സംസ്ഥാന അധ്യക്ഷൻ

ചെന്നൈ: തമിഴ്‌നാട്ടിൽ ബി.ജെ.പി-അണ്ണാ ഡി.എം.കെ സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. ബി.ജെ.പി വിടുന്ന നേതാക്കളെ അണ്ണാ ഡി.എം.കെ സ്വീകരിച്ചതിൽ ഇരു പാർട്ടി നേതാക്കളും തമ്മിൽ വാക്‌പോര് തുടരുന്നതിനിടെ ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ രാജി ഭീഷണിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ രംഗത്തെത്തി.

അണ്ണാ ഡി.എം.കെയുമായി സഖ്യം തുടരാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനമെങ്കിൽ താൻ പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന് അണ്ണാമലൈ പറഞ്ഞു. തമിഴ്‌നാട്ടിൽ പാർട്ടി വളരണമെങ്കിൽ ബി.ജെ.പി സ്വതന്ത്രമായി നിൽക്കണമെന്നും ഏതെങ്കിലും ദ്രാവിഡ പാർട്ടിക്ക് പിന്നിൽ നിന്നത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സംസ്ഥാന ഭാരവാഹികൾ അടക്കം 13 പേർ കഴിഞ്ഞ ആഴ്ച രാജിവെച്ച് അണ്ണാ ഡി.എം.കെയിൽ ചേർന്നിരുന്നു. ചെന്നൈ വൈസ്റ്റ് ജില്ലാ ഐ.ടി ഭാരവാഹികളായ 13 പേരാണ് രാജിവെച്ചത്. ബി.ജെ.പി ഐ.ടി വിഭാഗം സംസ്ഥാന കൺവീനറായിരുന്ന സി.ടി.ആർ നിർമർകുമാർ അണ്ണാമലൈയുമായുള്ള ഭിന്നതയെ തുടർന്നാണ് രാജിവെച്ചത്.

ബി.ജെ.പി വിട്ടവരെ അണ്ണാ ഡി.എം.കെ സ്വീകരിച്ചതിൽ പ്രതിഷേധിച്ച് പലയിടത്തും ബി.ജെ.പി പ്രവർത്തകർ എടപ്പാടി പളനിസാമിയുടെ ചിത്രങ്ങൾ കത്തിച്ചിരുന്നു. ഇതിനെതിരെ അണ്ണാ ഡി.എം.കെയിലെ മുതിർന്ന നേതാവ് ഡി.ജയകുമാർ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.

പാർട്ടി പ്രവർത്തകർ മറ്റു പാർട്ടികളിൽ ചേരാൻ തീരുമാനിക്കുമ്പോൾ അത് അംഗീകരിക്കാനുള്ള രാഷ്ട്രീയ പക്വത എല്ലാവരും കാണിക്കണമെന്നും പളനിസാമിയുടെ ചിത്രം കത്തിച്ചവരെ ബി.ജെ.പി പുറത്താക്കണമെന്നും ജയകുമാർ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.