കോഴിക്കോട്: റബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് വോട്ടു ചെയ്യാമെന്ന തലശേരി അതിരൂപ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. പ്രതികരണങ്ങളുമായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.
ബിഷപ്പിന്റെ പ്രസ്താവനയെ സിപിഎമ്മും കോണ്‍ഗ്രസും തള്ളിയപ്പോള്‍ ഇത് മാറ്റത്തിന്റെ സൂചനയാണെന്നാണ് ബിജെപിയുടെ പ്രതികരണം. അതേ സമയം ബിഷപ്പിനെ തള്ളാതെയായിരുന്നു എല്‍ഡിഎഫ് ഘടകക്ഷി നേതാവായ ജോസ് കെ.മാണിയുടെ പ്രതികരണം.
കേന്ദ്രത്തിന്റെ മോശം നയത്തിനെതിരായ പ്രതികരണമാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയതെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു. റബ്ബര്‍ വിലയിടിവിന് കാരണം കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്ര നയങ്ങള്‍ തിരുത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കര്‍ഷക വിരുദ്ധ കേന്ദ്ര നയങ്ങള്‍ ചര്‍ച്ചയാകുമെന്നും സഭയ്ക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭയ്ക്കും കേരള കോണ്‍ഗ്രസിനും കര്‍ഷകരെ സഹായിക്കണമെന്നാണ് അഭിപ്രായമെന്നും ജോസ് കെ മാണി വിശദീകരിച്ചു.
മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത് കര്‍ഷകരുടെ നിലപാടാണെന്നും കേരളത്തിലെ ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ പരിഗണിക്കുന്നില്ല എന്നത് സത്യമാണെന്നും കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പള്ളി വ്യക്തമാക്കി. സഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഒരേ നിലപാടാണെന്നും അദേഹം പറഞ്ഞു.
ബിഷപ്പിന്റെ പ്രസ്താവന പരിഗണിക്കപ്പെടേണ്ട വിഷയം തന്നെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാത്ത സാഹചര്യത്തില്‍ കേന്ദ്രത്തിന് ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന അന്വേഷണത്തിലേക്കാണ് പ്രസ്താവന വിരല്‍ ചൂണ്ടുന്നതെന്നും അദേഹം പറഞ്ഞു.
കര്‍ഷകരോടുള്ള കേന്ദ്ര നിലപാട് ഇതിനോടകം വ്യക്തമാക്കപ്പെട്ടതാണെന്നായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രതികരണം. കര്‍ഷകരോട് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് ആര്‍ക്കാണ് അറിയാത്തത്. കര്‍ഷകര്‍ വീണ്ടും സമരത്തിനിറങ്ങുകയാണ്. രാജ്യത്ത് പള്ളികള്‍ അക്രമിക്കപ്പെടുന്നത് പതിവായെന്നും വേണുഗോപാല്‍ പറഞ്ഞു.
ഒരു തുരുപ്പ് ചീട്ടിട്ട് കേരളം പിടിച്ചടക്കാമെന്ന ധാരണയൊന്നും ബിജെപിക്ക് വേണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. റബ്ബര്‍ മാത്രമാണോ ക്രിസ്ത്യാനിയുടെ പ്രശ്‌നം. വേറെയും നിരവധി പ്രശ്‌നങ്ങള്‍ ക്രിസ്ത്യാനിയ്ക്കുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ക്രിസ്ത്യന്‍ സമൂഹങ്ങളെ നിരന്തരം വേട്ടയാടുകയാണെന്നും അങ്ങനെയുള്ളപ്പോള്‍ റബ്ബര്‍ വില ചൂണ്ടിക്കാട്ടി എങ്ങനെ ബിജെപിയ്ക്ക് വോട്ടു ചെയ്യാന്‍ പറയും എന്നും ഗോവിന്ദന്‍ ചോദിച്ചു.
എന്നാല്‍ താന്‍ പറഞ്ഞത് മലയോര കര്‍ഷകരുടെ നിലപാടാണെന്നും അത് സഭയും ബിജെപിയും തമ്മിലുള്ള സഖ്യമായി ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. കര്‍ഷകരുമായി കൂടിയാലോചിച്ചെടുത്ത നിലപാടാണത്. അവരുടെ പൊതുവികാരം താന്‍ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. ബിജെപി മാത്രമല്ല കര്‍ഷകരെ സഹായിക്കുന്ന ഏത് മുന്നണിയേയും പിന്തുണയ്ക്കും.
ബിജെപിയെ സഹായിക്കാമെന്നല്ല താന്‍ പറഞ്ഞത്. ഇപ്പോള്‍ തങ്ങളെ സഹായിക്കാന്‍ വേണ്ടി നയം രൂപീകരിക്കാന്‍ സാധിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാണ് അതു കൊണ്ടാണ് റബറിന്റെ ഇറക്കുമതി തീരുവയെ കുറിച്ച് തീരുമാനമെടുക്കുകയും റബറിന്റെ വില 300 രൂപയാക്കുകയും ചെയ്താല്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ഇവിടുത്തെ മലയോര കര്‍ഷകര്‍ തയ്യാറാകുമെന്നാണ് താന്‍ പറഞ്ഞത്.
റബറിനെ ആരാണോ പിന്തുണയ്ക്കുന്നത് അവര്‍ക്ക് പിന്തുണ നല്‍കുമെന്ന് പറയുന്നത് മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളുടെ മറവിലല്ല. മറിച്ച് കര്‍ഷകന്റെ അവസ്ഥ അത്രമേല്‍ ദയനീയമാണ് എന്ന് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ്. കര്‍ഷകരെ സഹായിക്കുന്ന ഏത് മുന്നണിയേയും പിന്തുണയ്ക്കും. അത് ഇടതോ കോണ്‍ഗ്രസോ ബിജെപിയോ ആകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26