ക്രൈസ്തവ വിശ്വാസികളുടെ പിതാവായ നീതിമാന്റെ ഓർമ്മദിനം

ക്രൈസ്തവ വിശ്വാസികളുടെ പിതാവായ നീതിമാന്റെ  ഓർമ്മദിനം

അനുദിന ജീവിതം സന്തോഷകരവും വിജയകരവുമാകാൻ ആവശ്യമായ അടിസ്ഥാന ഘടകം വിശ്വാസമാണ്. വിശ്വാസത്തിലൂടെ സ്വന്തം ജീവിതം മാത്രമല്ല കോടിക്കണക്കിനാളുകളുടെ ജീവിതം സന്തോഷനിർഭരവും പ്രതീക്ഷാനിർഭരവും ആക്കിയ, നൂറ്റാണ്ടുകളായി പ്രതീക്ഷാനിർഭരമാക്കിക്കൊണ്ടിരിക്കുന്ന വിശ്വാസികളുടെ പിതാവെന്ന് വിളിക്കപ്പെടാവുന്ന യൗസേപ്പിതാവിന്റെ ഓർമ്മത്തിരുനാളാണ് മാർച്ച് 19.

മാനസികമായ വിഷമത്തിന്റെ പ്രതിഫലനമെന്നു എഴുതിത്തള്ളാമായിരുന്ന, വെറുമൊരു സ്വപ്നത്തിൽ വി. യൗസേപ്പു പിതാവ് വിശ്വസിച്ചു. മൗനിയായി എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുക മാത്രം ചെയ്ത, താനറിയാതെ ഗർഭിണിയായ പരിശുദ്ധ മറിയത്തിൽ യൗസേപ്പു പിതാവ് വിശ്വസിച്ചു. പതിവ് പാരമ്പര്യത്തിനും നാട്ടുനടപ്പിനും എതിരായി താൻ തീരുമാനം എടുത്തപ്പോൾ, അതായത് മറിയത്തെ സ്വീകരിക്കാൻ തീരുമാനിച്ചപ്പോൾ, അത് അംഗീകരിച്ചില്ലെങ്കിലും തന്നെ മാന്യമായി ജീവിക്കാനനുവദിക്കുമെന്ന് പൊതു സമൂഹത്തിൽ വിശ്വസിച്ചു. എല്ലാറ്റിലുമുപരി യൗസേപ്പു പിതാവ് ദൈവത്തിൽ വിശ്വസിക്കുകയും ദൈവത്തിൽ പ്രതീക്ഷ വയ്ക്കുകയും ചെയ്തു. അങ്ങനെ ക്രൈസ്‌തവ വിശ്വാസികളുടെ പിതാവാകാൻ വി.യൗസേപ്പ് എല്ലാം കൊണ്ടും യോഗ്യനായി. ക്രൈസ്തവ വിശ്വാസികളുടെ പിതാവായതുകൊണ്ടാണ് നമ്മൾ വി.യൗസേപ്പിനെ യൗസേപ്പു പിതാവെന്നു വിളിക്കുന്നത്.

അതുകൊണ്ടു പരിശുദ്ധാത്മാവ് മറിയത്തിന്റെ മേൽ മാത്രമല്ല വന്നത്. യൗസേപ്പിന്റെ മേലും വന്നു. ഇതാ കർത്താവിന്റെ ദാസി എന്ന് പറഞ്ഞു വിശ്വസിച്ച മറിയത്തിലൂടെ മാത്രമല്ല ജീവജലത്തിന്റെ അരുവി ഒഴുകുക. ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് "കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു" തുടങ്ങിയപ്പോൾ മുതൽ യൗസേപ്പിതാവിലും ജീവജലത്തിന്റെ അരുവി ഒഴുകിത്തുടങ്ങി. ഇതാ, ഇപ്പോൾ വിശ്വസിക്കുന്ന നമ്മിൽ എല്ലാവരിലും പരിശുദ്ധാത്മാവിനായുള്ള ദാഹവും വിശപ്പും ഉണ്ടെങ്കിൽ ജീവജാലത്തിന്റെ അരുവി നമ്മിലൂടെ ഒഴുകുമെന്ന് ഈശോ വ്യക്തമായി പറയുന്നു.

നോമ്പുകാലം അഞ്ചാം ഞായറായ ഇന്ന് ജീവജലത്തിന്റെ അരുവിക്കായി, പരിശുദ്ധാത്മാവിന്റെ വരവിനായി നമുക്ക് ഹൃദയം തുറന്ന് കാത്തിരിക്കാം. ജീവജലത്തിന്റെ അരുവി സമൃദ്ധമായി ഒഴുകിയ പരിശുദ്ധ മറിയത്തിന്റെയും വി. യൗസേപ്പിതാവിന്റെയും വിശ്വാസജീവിതം നമുക്കു മാതൃകയാക്കാം. ക്രിസ്തുവിന്റെ മഹത്വീകരണമായ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മ ആചരിക്കാൻ ഇനിയുള്ള നോമ്പുകാല ദിനങ്ങൾ തീക്ഷ്ണമായി ഒരുങ്ങാം.


തിരുനാൾ ദിനാശംസകൾ നേരുന്നു; ഒപ്പം ഒരു ഗാനവും https://youtu.be/7UYbUUDeHh8


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.