വിശാഖപട്ടണം: ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയ ഓസീസിനോട് ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ വെറും 11 ഓവറിലാണ് മറികടന്നത്. ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു ടീമിന്റെ ഏറ്റവും വേഗതയേറിയ വിജയമാണ് വിശാഖപട്ടണത്ത് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.
ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന് കൂടിയാണ് വിശാഖപട്ടണത്തിലേത്. ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഞ്ച് വിക്കറ്റ് പ്രകടനം ഇന്ത്യയെ 117 റണ്‍സിന് വരിഞ്ഞുകെട്ടി. മറുപടി ബാറ്റിങ്ങില്‍ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും വെടിക്കെട്ട് കൂടി നടത്തിയതോടെ ഇന്ത്യന്‍ പതനം സമ്പൂര്‍ണമായി. ഹെഡ് 30 പന്തുകളില്‍ നിന്ന് പത്ത് ബൗണ്ടറികളോടെ 51 റണ്‍സെടുത്തു. മാര്‍ഷ് 36 പന്തുകളില്‍ നിന്ന് ആറ് വീതം ബൗണ്ടറികളും സിക്‌സുകളുമടക്കം 66 റണ്‍സുമെടുത്തു.
ഷമി മൂന്ന് ഓവറില്‍ 29 റണ്‍സും മുഹമ്മദ് സിറാജ് 37 റണ്‍സും വിട്ടുകൊടുത്തു. ഹര്‍ദിക് പാണ്ഡ്യയുടെ ഒരോവറില്‍ മാര്‍ഷ് മൂന്ന് സിക്‌സ് നേടി. ആറ് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിങ്സ്. ഹെഡ് 10 ഫോര്‍ നേടി.
നേരത്തെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീപ്പൊരി ബൗളിങ്ങ് പ്രകടനമാണ് കങ്കാരുക്കളെ തുണച്ചത്. അക്‌സര്‍ പട്ടേലിന്റെ അവസാന നിമിഷത്തെ ചെറുത്ത് നില്‍പ്പാണ് വന്‍ നാണക്കേടില്‍ നിന്ന് ടീം ഇന്ത്യയെ രക്ഷിച്ചത്. അക്‌സറിനെ കൂടാതെ 31 റണ്‍സെടുത്ത് വിരാട് കോലിക്ക് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ച് നില്‍ക്കാന്‍ സാധിച്ചുള്ളൂ.
ഇതിന് മുമ്പ് ന്യൂസിലന്‍ഡാണ് ഇന്ത്യയ്‌ക്കെതിരേ വേഗത്തില്‍ വിജയലക്ഷ്യം അടിച്ചെടുത്ത റെക്കോര്‍ഡ് കരസ്ഥമാക്കിയത്. 2019 ല്‍ ഇന്ത്യയെ 92റണ്‍സിന് ഓള്‍ ഔട്ടാക്കിയ കിവീസ് 14.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. മത്സരത്തില്‍ 212 പന്തുകളാണ് ശേഷിച്ചിരുന്നത്. ഓസ്‌ട്രേലിയ 234 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് വിജയിച്ചത്. ശേഷിക്കുന്ന പന്തുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v