തിരുവനന്തപുരം: സര്‍ക്കാരിനെതിരായ സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ യു.ഡി.എഫിനു വീഴ്ചയെന്ന വിമര്‍ശനവുമായി ആര്‍എസ്പി. കൂടിയാലോചനകള്‍ക്കായി യു.ഡി.എഫ് യോഗം ചേരാത്തത് പ്രശ്‌നമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഇത്രയും സങ്കീര്‍ണമായ വിഷയങ്ങള്‍ നടക്കുമ്പോള്‍ കൂറേക്കൂടി ജാഗ്രതയില്‍ യു.ഡി.എഫ് ചേര്‍ന്ന് കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഏപ്രില്‍ ഒന്നിന് പുതിയ നികുതി നിലവില്‍ വരുകയാണ്. ആര്‍.എസ്.പിയുടെ തനിച്ചുള്ള അഭിപ്രായമായിരുന്നെങ്കില്‍ ഒരു ഹര്‍ത്താല്‍ നടത്തുമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് അതില്‍നിന്നു വ്യത്യസ്തമായ അഭിപ്രായമാണ് ഉള്ളത്. എങ്കിലും ശക്തമായ ഒരു സമരം നടത്തേണ്ടതല്ലേയെന്നും ഷിബു ബേബി ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
അതേസമയം, സര്‍ക്കാരിനെതിരായ സമരങ്ങള്‍ മാധ്യമങ്ങളുമായല്ല ചര്‍ച്ചചെയ്യേണ്ടതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മറുപടി നല്‍കി. യു.ഡി.എഫ് എല്ലാ മാസവും ചേരാറുണ്ടെന്നും പറയാനുള്ളതു മുന്നണിയില്‍ പറയണമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v