ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിനെതിരെയുള്ള കര്‍ഷകരുടെ രണ്ടാം ഘട്ട സമര പോരാട്ടത്തിന് ഇന്ന് തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി ഡല്‍ഹി രാംലീല മൈതാനിയില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ അണിനിരക്കുന്ന മഹാപഞ്ചായത്ത് സംഘടിപ്പിക്കും.
രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് കര്‍ഷക മഹാപഞ്ചായത്ത്. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രതിഷേധവുമായി കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തേക്ക് വീണ്ടും എത്തുന്നത്.
മിനിമം താങ്ങു വിലയ്ക്ക് നിയമ പരിരക്ഷ നല്‍കുക, വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി രൂപീകരിച്ച കമ്മിറ്റി പിരിച്ചുവിട്ട് കര്‍ഷക നേതാക്കളെ ഉള്‍പ്പെടുത്തി പുതിയ കമ്മിറ്റിയുണ്ടാക്കുക, എല്ലാ കാര്‍ഷിക വായ്പകളും എഴുതിത്തള്ളുക, കര്‍ഷകരുടെ നടുവൊടിക്കുന്ന വൈദ്യുതി ബില്‍ അടിയന്തരമായി പിന്‍വലിക്കുക എന്നിവയാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍.
ലഖീംപൂര്‍ഖേരി കര്‍ഷക കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ക്യാബിനറ്റില്‍ നിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യുക എന്ന ആവശ്യവും കര്‍ഷകര്‍ ഉന്നയിക്കുന്നു. നേരത്തേ കര്‍ഷക നിയമം റദ്ദാക്കണമെന്നതുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി ഒരു വര്‍ഷത്തോളം കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രക്ഷോഭം നയിച്ചിരുന്നു.
എംഎസ്പി പാനല്‍ രൂപീകരിക്കുന്നതും കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നതും ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നായിരുന്നു പ്രക്ഷോഭം അവസാനിപ്പിച്ചത്. എന്നാല്‍ വാഗ്ദാനം ചെയ്ത ഉറപ്പുകള്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്ന് കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v