കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 25)

കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 25)

മക്കള്‍ക്കു നല്ല വസ്‌തുക്കള്‍ കൊടുക്കണമെന്നു ദുഷ്‌ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌, തന്നോടു ചോദിക്കുന്നവര്‍ക്ക്‌ എത്രയോ കൂടുതല്‍ നന്‍മകള്‍ നല്‍കും! മത്തായി 7 :11

മഴക്കാലം എത്താറായി. ഒരു കുരുവിക്കുടുംബം കൂടുകൂട്ടാൻ പറ്റിയ ഒരു മരം അന്വേഷിച്ചുപറന്ന് നടക്കുന്നതിനിടയിൽ അവർ നദീതീരത്ത് ഇഷ്ട്ടപ്പെട്ട വലിയ ഒരു ആൽമരം കണ്ടു. ഇതിലാകാം ഈ മഴക്കാലം. മരത്തിനോട് അനുവാദം ചോദിക്കാനായ് കുരുവികൾ പറന്നു ചെന്നു. "ദയവായി ഞങ്ങൾക്ക് കൂടുകൂട്ടാൻ അനുവാദം തന്നാലും" കുരുവികൾ മരത്തിനോട് അപേക്ഷിച്ചു. എന്നാൽ മരം അവരുടെ അപേക്ഷ നിരസിച്ചു. ദുഃഖത്തോടും, നിരാശയോടും അവർ മരത്തിനോട് പറഞ്ഞു " നിങ്ങൾ ഇത്രയും സ്വാർത്ഥനാകാൻ പാടില്ല, നിങ്ങളുടെ അഹങ്കാരം ഒരുനാൾ അവസാനിക്കും."

മരത്തിന്റെ മറുപടിക്ക് നിൽക്കാതെ കുരുവികൾ പറന്നകന്നു.
അവർ അവരുടെ അന്വേഷണം തുടർന്നു. അവസാനം അവർ മറ്റൊരു മരം കണ്ടെത്തി കൂടൊരുക്കി.
മഴക്കാലമെത്തി. പക്ഷികൾ സുരക്ഷിതരായ് കൂട്ടിൽ അഭയം തേടി.

ഒരുനാൾ മഴ കനത്തു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ തങ്ങളുടെ ആവശ്യം നിരസിച്ച മരം കടപഴുകി വീണു.
മഴ കുറഞ്ഞപ്പോൾ തീറ്റതേടി പുറപ്പെട്ട കുരുവികൾ തങ്ങളുടെ ആവശ്യം നിരസിച്ച മരം മറിഞ്ഞുകിടക്കുന്നതുകണ്ട് മരത്തിന്നടുത്തേക്ക് പറന്നു. അവർ പറഞ്ഞു "നിന്റെ അഹങ്കാരം തീർന്നില്ലേ! ഇത് നിന്റെ അഹങ്കാരത്തിനുള്ള ശിക്ഷയാണ്."
മരം പറഞ്ഞു, “നിങ്ങൾ എന്നെ കേൾക്കാതെ അന്ന് പോയില്ലേ. എന്തുകൊണ്ടാണ് ഞാൻ നിങ്ങളെ കൂടുകെട്ടാൻ അനുവദിക്കാത്തത് എന്ന് നിങ്ങൾ മനസിലാക്കിയില്ല. എനിക്ക് അറിയാമായിരുന്നു, ഈ മഴക്കാലം എന്റെ അവസാനമാകുമെന്ന്. കാരണം എന്റെ വേരുകളുടെ പിടുത്തം നഷ്ടപ്പെട്ടിരുന്നു. കൂടാതെ എന്റെ ശിഖരങ്ങൾ ദുർബ്ബലങ്ങളുമായിരുന്നു. നിങ്ങൾ എന്റെ ചില്ലയിൽ കൂടുകൂട്ടിയിരുന്നെങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. നിങ്ങൾ നിങ്ങളുടെ ആവശ്യവുമായി വന്ന ദിവസം നിങ്ങളോട് എല്ലാം പറയണം എന്ന് ഉണ്ടായിരുന്നു പക്ഷേ നിങ്ങൾ എന്നെ ശ്രവിക്കാതെ പറന്നകന്നു.”
ഇതുകേട്ട് കുരുവികൾക്ക് മരത്തിനോട് അനുകമ്പതോന്നി. ക്ഷമ ചോദിച്ച് കുരുവികൾ പറന്നകന്നു.

നമ്മുടെ പല നിരസിക്കപ്പെടുന്ന അപേക്ഷകളും, പ്രാർത്ഥനകളും നമ്മുടെ നന്മ്ക്കായി ആകാം. കുരുവികളെപ്പോലെ നിരസിക്കപ്പെട്ടതിനെപ്രതി നിരാശയോടെ, കുറ്റപ്പെടുത്തലോടെ നടന്നകലാതെ അതിനെ പോസിറ്റീവായിക്കണ്ട് മുന്നോട്ടുപോയാൽ ജീവിതത്തിൽ ദുഃഖങ്ങൾ കുറയ്ക്കാനാകും.

ഉത്തമവും പൂർണ്ണവുമായ എല്ലാ ദാനങ്ങളും ഉന്നതത്തിൽനിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവിൽനിന്ന് വരുന്നു. യാക്കോബ് 1 : 17


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.