ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷനും സുപ്രീംകോടതി മേല്‍നോട്ട സമിതിയും. റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ഡാമില്‍ സ്വതന്ത്ര സമിതിയെ വച്ച് അടിയന്തര സുരക്ഷാ പരിശോധന വേണമെന്ന സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച്ച മുല്ലപ്പെരിയാര്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
2022 മെയ് ഒന്‍പതിനാണ് മേല്‍നോട്ട സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തിയത്. ഇരു സംസ്ഥാനങ്ങളിലേയും സാങ്കേതിക അംഗങ്ങളും പരിശോധനയില്‍ പങ്കെടുത്തിരുന്നു.
അണക്കെട്ടിന് കാര്യമായ പ്രശ്നമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ജലക്കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അണക്കെട്ടിന് പ്രശ്നം ഉള്ളതായി കേരളവും തമിഴ്നാടും ഉന്നയിച്ചിട്ടില്ലെന്ന് മേല്‍നോട്ട സമിതിയും സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
അണക്കെട്ടിന് സാങ്കേതിക തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ല. അണക്കെട്ട് സുരക്ഷയ്ക്ക് കുഴപ്പമില്ലെന്നും പൂര്‍ണ തൃപ്തികരമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മേല്‍നോട്ട സമിതി നിര്‍ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഈ മാസം 27 ന് മേല്‍നോട്ട സമിതി വീണ്ടും അണക്കെട്ട് സന്ദര്‍ശിക്കും. സ്വതന്ത്ര സമിതിയെക്കൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളം കഴിഞ്ഞ ആഴ്ച സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.
പരിശോധന മുഴുവനായി വീഡിയോയില്‍ ചിത്രീകരിക്കണമെന്നും സത്യവാങ്മൂലത്തില്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാര്‍ കേസ് അടുത്തു തന്നെ സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. അതിനു മുന്നോടിയായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.