'സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കര്‍ഷകര്‍ നേരിട്ടത് കടുത്ത അവഗണന': മാര്‍ പാംപ്ലാനിക്ക് പിന്തുണയുമായി താമരശേരി ബിഷപ്പ്

'സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കര്‍ഷകര്‍ നേരിട്ടത് കടുത്ത അവഗണന': മാര്‍ പാംപ്ലാനിക്ക് പിന്തുണയുമായി താമരശേരി ബിഷപ്പ്

കോഴിക്കോട്: കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അനുഭാവ പൂര്‍ണമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ബിജെപി ആയാലും കര്‍ഷകരെ പരിഗണിക്കുമോ എന്നതാണ് പ്രാധാന്യം അര്‍ഹിക്കുന്നത്.

'മാറി മാറി വന്ന കോണ്‍ഗ്രസ്, സിപിഎം സര്‍ക്കാരുകളില്‍ നിന്ന് എല്ലാ തരത്തിലും കടുത്ത അവഗണനയാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് പല തവണ ആവശ്യപ്പെട്ടതിനൊടുവിലായിരുന്നു. എന്നാല്‍ മറ്റെന്തോ സമ്മര്‍ദ്ദം മൂലം മുഖ്യമന്ത്രി ആ വകുപ്പ് മറ്റൊരാള്‍ക്ക് കൈമാറി. ഇതില്‍ എതിര്‍പ്പുണ്ട്. ഞങ്ങള്‍ക്കത് വലിയൊരു പ്രശ്‌നമാണ്'- മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

കര്‍ഷകര്‍ ഒരു വലിയ സംഘടിത ശക്തിയല്ലാത്തതിനാല്‍ അവരെ ഒരു സര്‍ക്കാരിനും വേണ്ട. എല്ലാം നഷ്ടപ്പെട്ട കര്‍ഷകനെ പിന്തുണയ്ക്കുക എന്നത് തന്നെയാണ് തങ്ങളുടെ തീരുമാനം. റബര്‍ ഇറക്കുമതി ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും അത് പരിഗണിച്ചില്ല. റബര്‍ കര്‍ഷകന് ആശ്വാസമായിരുന്ന സബ്‌സിഡി എടുത്ത് മാറ്റി.

റബര്‍ ബോര്‍ഡിന് എല്ലാ അധികാരങ്ങളും ഇല്ലാതാക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. നെല്ലും നാളികേരവും സംഭരിക്കലല്ലാതെ കൃത്യസമയത്ത് അതിന്റെ വില കര്‍ഷകന് നല്‍കാനുള്ള നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നും ബിഷപ്പ് പറഞ്ഞു.

പ്രസംഗങ്ങളിലും പുസ്തകങ്ങളിലും കര്‍ഷകനെ വാഴ്ത്തുന്നവരാണ് ഇരുവിഭാഗം രാഷ്ട്രീയക്കാരും. എന്നാല്‍ ഇതൊന്നും പ്രാവര്‍ത്തികമാവുന്നില്ല. എത്രയോ നെല്‍ കര്‍ഷകര്‍ സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാട് കൊണ്ട് കൃഷി അവസാനിപ്പിച്ചു. മലയോര മേഖലയുടെ പേടിസ്വപ്നമായ വന്യമൃഗ ആക്രമങ്ങളില്‍ പോലും നാളിതുവരെയായി സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടിട്ടില്ല.

ആനയും കടുവയും എപ്പോള്‍ കൊല്ലുമെന്ന് പേടിച്ചിരിക്കുമ്പോളാണ് ബഫര്‍ സോണ്‍ കൊണ്ടുവന്ന് കര്‍ഷകരെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുന്നത്. എത്രയോ സമരങ്ങള്‍ പാവപ്പെട്ട കര്‍ഷകര്‍ ഈ കാലയളവില്‍ നടത്തി. പക്ഷേ ഒരു പ്രശ്‌നം പോലും പരിഗണിക്കപ്പെടുകയോ പരിഹരിക്കപ്പെടുകയോ ഉണ്ടായില്ല.

അതിനാല്‍ തന്നെ കര്‍ഷകരുടെ പ്രശ്‌നങ്ങളെ ഏറ്റെടുത്ത് കൂടെ നില്‍ക്കുന്നവരെ പാര്‍ട്ടി നോക്കാതെ പിന്തുണക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ ചെയ്യാനുദ്ദേശിക്കുന്നതെന്ന് താമരശേരി ബിഷപ്പ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.