കൊച്ചി: യൂണിടാക് ബില്‍ഡേഴ്സ് എം.ഡി സന്തോഷ് ഈപ്പന്റെ അറസ്റ്റ് വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ വഴിത്തിരിവാകും. സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ അറസ്റ്റും വരും ദിവസങ്ങളില്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
വടക്കാഞ്ചേരി നഗരസഭാ പരിധിയിലുള്ള 2.18 ഏക്കറില്‍ ഭവന സമുച്ചയം നിര്‍മിക്കാനുള്ള യൂണിടാക്കിന്റെ കെട്ടിട നിര്‍മാണ പദ്ധതിക്ക് 2019 ഓഗസ്റ്റ് 26നാണ് ലൈഫ് മിഷന്‍ അംഗീകാരം നല്‍കിയത്.
അഞ്ഞൂറ് ചതുരശ്രയടിയുള്ള 140 അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മിക്കാന്‍ യു.എ.ഇ കോണ്‍സുലേറ്റും യൂണിടാക് ബില്‍ഡേഴ്സും തമ്മില്‍ 2019 ജൂലായ് 31 നായിരുന്നു കരാറിലേര്‍പ്പെട്ടത്.
പദ്ധതിക്ക് അംഗീകാരം കിട്ടിയതിന് പിന്നാലെ സന്തോഷ് ഈപ്പന്‍, മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിക്ക് രണ്ടു കോടിയിലധികം രൂപ കോഴ നല്‍കിയെന്നാണ് ഇ.ഡി സംശയിക്കുന്നത്. പദ്ധതിക്ക് യു.എ.ഇ സന്നദ്ധ സംഘടനയായ റെഡ്ക്രസന്റ് വഴി ലഭിച്ച 7.75 കോടി രൂപയില്‍ 3.80 കോടി രൂപ കോഴയായി നല്‍കിയിട്ടുണ്ടെന്ന് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ രൂപ ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡോളറുകളാക്കി യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റും ഈജിപ്തുകാരനുമായ ഖാലിദ് ഷൗക്രിക്ക് നേരിട്ട് നല്‍കിയെന്നായിരുന്നു മൊഴി. സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇതെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കിയിരുന്നു.
കേസില്‍ ആദ്യം അറസ്റ്റു ചെയ്ത ഒമ്പതാം പ്രതി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ തുടര്‍ വാദത്തിലേക്ക് പോകുന്നതിന് മുന്നോടിയായാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.