കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല; കര്‍ഷകര്‍ വീണ്ടും രാജ്യ വ്യാപക പ്രക്ഷോഭത്തിന്

കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല; കര്‍ഷകര്‍ വീണ്ടും രാജ്യ വ്യാപക പ്രക്ഷോഭത്തിന്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി രാജ്യത്തെമ്പാടും കര്‍ഷക റാലികള്‍ സംഘടിപ്പിക്കും. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന കിസാന്‍ മഹാപഞ്ചായത്തിന്റേതാണ് തീരുമാനം.

ഭാവി പരിപാടികള്‍ ആലോചിക്കാനായി ഏപ്രില്‍ 30ന് ഡല്‍ഹിയില്‍ യോഗം ചേരും. ഇതിന് മുന്നോടിയായി കര്‍ഷക റാലികളും കിസാന്‍ പഞ്ചായത്തുകളും സംഘടിപ്പിക്കുമെന്ന് കര്‍ഷക നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും പ്രക്ഷോഭം നടക്കുമെന്ന് രാകേഷ് ടിക്കായത്തും പറഞ്ഞു.

ഇന്നലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന സംയുക്ത കിസാന്‍ മഹാ പഞ്ചായത്തില്‍ പങ്കെടുത്തു. 2021 ല്‍ കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്‍കിയ ഉറപ്പുകള്‍ എല്ലാം പാലിക്കണമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെടുന്നത്.

ഈ ആവശ്യവുമായി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ 14 അംഗ സംഘം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച്ച നടത്തി. താങ്ങു വില, സമ്പൂര്‍ണ കടാശ്വാസം, പെന്‍ഷന്‍, സമരത്തിനിടെ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം, വൈദ്യുതി സബിസിഡി തുടങ്ങിയ ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കണം.

വൈദ്യുതി സബ്‌സിഡിയുടെ കാര്യം അംഗീകരിച്ചെന്ന് കൃഷിമന്ത്രി അറിയിച്ചതായി കര്‍ഷക നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു. ഇത് എസ്.കെ.എമ്മിന്റെ വലിയ വിജയമാണ്. കര്‍ഷകര്‍ക്കെതിരായ കേസുകളിലും സമരത്തിനിടയില്‍ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ചും നേരിട്ട് ഇടപെടുമെന്ന് കൃഷി മന്ത്രി പ്രതിനിധി സംഘത്തെ അറിയിച്ചു. എന്നാല്‍ പരിഹരിക്കപ്പെടാത്ത നിരവധി പ്രശ്‌നങ്ങളുണ്ട്. ഇതിന് മറ്റൊരു സമരം വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.