ആഗോള സാമ്പത്തിക മേഖല ഇതെങ്ങോട്ട്? വിദേശ ബാങ്കുകള്‍ ഒന്നൊന്നായി വീഴുന്നു; സ്വിറ്റ്‌സര്‍ലന്‍ഡിലും ബാങ്ക് തകര്‍ച്ച

ആഗോള സാമ്പത്തിക മേഖല ഇതെങ്ങോട്ട്? വിദേശ ബാങ്കുകള്‍ ഒന്നൊന്നായി വീഴുന്നു; സ്വിറ്റ്‌സര്‍ലന്‍ഡിലും ബാങ്ക് തകര്‍ച്ച

ലണ്ടന്‍: അമേരിക്കന്‍ ബാങ്കുകള്‍ക്ക് പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡിലും ബാങ്കിങ് രംഗത്ത് തകര്‍ച്ച. പ്രമുഖ ഇന്‍വെസ്റ്റ് ബാങ്കായ ക്രെഡിറ്റ് സ്വീസിന്റെ ഓഹരിവില തിങ്കളാഴ്ച കൂപ്പുകുത്തി. പ്രതിസന്ധിയിലായ ബാങ്കിനെ ഏറ്റെടുക്കുന്നതിന് യു.ബി.എസുമായ സ്വിസ് അധികൃതര്‍ ധാരണയില്‍ എത്തിയതിന് പിന്നാലെയാണ് ഓഹരി വില 60 ശതമാനത്തിലേറെ ഇടിഞ്ഞത്.

വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഓഹരികള്‍ ഏറ്റെടുക്കാനാണ് യു.ബി.എസുമായി ധാരണയില്‍ എത്തിയത്. ഇതേതുടര്‍ന്നായിരുന്നു തകര്‍ച്ച. ഉയര്‍ന്ന കിട്ടാക്കടം, ഉന്നത മാനേജ്‌മെന്റ് തലത്തില്‍ അടിക്കടിയുണ്ടായ മാറ്റം, യു.ബി.എസ് ഉള്‍പ്പെട്ട ചാരവൃത്തി വിവാദം എന്നിവയാണ് ക്രെഡിറ്റ് സ്വീസിനെ പ്രതിസന്ധിയില്‍ എത്തിച്ചത്.

അതേസമയം യൂറോപ്യന്‍ ബാങ്ക് ഓഹരികളും പ്രമുഖ സൂചികകളും നേട്ടമുണ്ടാക്കി. ബാങ്കുകളെ സഹായിക്കാനുള്ള നടപടികള്‍ ആഗോള ബാങ്കിങ് സംവിധാനത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുമോയെന്ന് നിക്ഷേപകര്‍ ഉറ്റുനോക്കുകയാണ്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ യു.ബി.എസ് ഓഹരികളും തകര്‍ച്ച നേരിട്ടിരുന്നു. എന്നാല്‍ ഉച്ചക്കുശേഷം ആറ് ശതമാനത്തിലധികം നേട്ടമുണ്ടാക്കുകയും ചെയ്തു.

ക്രെഡിറ്റ് സ്വീസ് പ്രതിസന്ധി, ആഗോള ബാങ്കിങ് പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്ക എന്നിവയുടെ പശ്ചാത്തലത്തില്‍ ഏഷ്യന്‍ ഓഹരി വിപണികളിലും തകര്‍ച്ച നേരിട്ടു. ബി.എസ്.ഇ സെന്‍സെക്‌സ് 360.95 പോയന്റും നിഫ്റ്റി 111.60 പോയന്റുമാണ് ഇടിഞ്ഞത്. ഒരുഘട്ടത്തില്‍ സെന്‍സെക്‌സ് 900 പോയേന്റാളംതാഴ്ന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.