ചങ്ങനാശേരി: കാലം ചെയ്ത ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിന് ആദരാഞ്ജലി അര്‍പ്പിച്ച് പതിനായിരങ്ങള്‍.
രാവിലെ ഒമ്പതിന് ചങ്ങാശേരി അതിരൂപതയുടെ മെത്രാസന മന്ദിരത്തില്‍ ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ക്ക് അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മികനായിരുന്നു. സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, ഷംസാബാദ് രൂപത സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്ത് എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു.
പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വികാരി ജനറാളും ചാന്‍സിലറും ഉള്‍പ്പെടുന്ന അതിരൂപത കൂരിയ അംഗങ്ങള്‍ ഭൗതിക ദേഹം പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലെത്തിച്ചു. തുടര്‍ന്ന് ജനസാഗരങ്ങളെ സാക്ഷിയാക്കി പിതാവിന്റെ ഭൗതിക ദേഹം വിലാപ യാത്രയായി നഗരത്തിലൂടെ മാര്‍ക്കറ്റ് ചുറ്റി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വച്ചു.

അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ക്കും വൈദികര്‍ക്കും സന്യാസിനികള്‍ക്കും പുറമേ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള ആയിരക്കണക്കിനാളുകള്‍ വിലാപ യാത്രയില്‍ പങ്കെടുത്തു.
സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍, എംപിമാരായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, ജോബ് മൈക്കിള്‍ എംഎല്‍എ എന്നിവര്‍ രാവിലെ തന്നെ മെത്രാസന മന്ദിരത്തിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
ബുധനാഴ്ച രാവിലെ 9.30 ന് വിശുദ്ധ കുര്‍ബാനയോടെ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് നഗരി കാണിക്കല്‍, സമാപന ശുശ്രൂഷ എന്നിങ്ങനെയാണ് തിരുക്കര്‍മ്മങ്ങള്‍.
സമാപന ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിക്കും. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം, മറ്റ് മെത്രാപോലീത്തമാര്‍, മെത്രാന്‍മാര്‍ തുടങ്ങിയവര്‍ സഹ കാര്‍മികരാകും.

പൗവ്വത്തില്‍ പിതാവിന്റെ സംസ്‌കാര ദിനമായ ബുധനാഴ്ച ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. പരീക്ഷകള്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല.
പിതാവിന്റെ ചരമ ദിനമായ മാര്‍ച്ച് 18 മുതല്‍ 24 വരെ ഏഴ് ദിവസം അതിരൂപതയില്‍ ദുഖാചരണമാണ്. ഏഴാം ചരമ ദിനമായ വെള്ളിയാഴ്ച രാവിലെ 9.30ന് മെത്രാപ്പോലിത്തന്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.