സുഹൃത്തുക്കള്‍ മയക്കുമരുന്ന് നല്‍കി; 17 കാരന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം

സുഹൃത്തുക്കള്‍ മയക്കുമരുന്ന് നല്‍കി; 17 കാരന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനേഴുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് മയക്കുമരുന്ന് നല്‍കിയതിനാലാണെന്ന് കുടുംബത്തിന്റെ പരാതി. പെരുമാതുറ തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കര്‍-റജില ദമ്പതിമാരുടെ മകന്‍ ഇര്‍ഫാന്‍ (17) ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചുവെന്ന് ഇര്‍ഫാന്‍ പറഞ്ഞിരുന്നുവെന്നും ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ മകനെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും മാതാവ് റജുല പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം ആറോടെ ഇര്‍ഫാനെ ഒരു സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയിരുന്നു. ഏഴോടെ ഒരാള്‍ ഇര്‍ഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. വീട്ടിലെത്തിയ ഇര്‍ഫാന്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ഛര്‍ദ്ദിച്ചതോടെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നെന്നും കുടുംബം പറയുന്നു.

ഇര്‍ഫാന്‍ ഏതോ ലഹരി ഉപയോഗിച്ചതായി ഇവര്‍ ഡോക്ടറോടും പറഞ്ഞിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെ സ്ഥിതി വഷളാവുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെത്തിച്ചപ്പോഴേക്കും ഇര്‍ഫാന്‍ മരിച്ചു.

സംഭവത്തില്‍ കഠിനംകുളം പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൃത്യമായ മരണകാരണം വ്യക്തമാകുകയുള്ളു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.