ജിഡിആർഎഫ്എ ദുബായ് 'എന്‍റർപ്രീണർഷിപ്പ് മേക്കേഴ്സ് ' ഫോറം സംഘടിപ്പിച്ചു

ജിഡിആർഎഫ്എ ദുബായ് 'എന്‍റർപ്രീണർഷിപ്പ് മേക്കേഴ്സ് ' ഫോറം സംഘടിപ്പിച്ചു

ദുബായ് :ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്( ജിഡിആർഎഫ്എ) 'എന്റർപ്രണർഷിപ്പ് മേക്കേഴ്സ് ഫോറം സംഘടിപ്പിച്ചു. പരസ്പര ആശയ കൈമാറ്റങ്ങളിലൂടെ ബിസിനസ് മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകാൻ ലക്ഷ്യം വെച്ച് നടത്തിയ ഫോറത്തിൽ 150 ലധികം ഇമാറാത്തി സംരംഭകർ പങ്കെടുത്തു . ദുബായ് അൽ ഖവാനീജ് മജ്ലിസിലാണ് പരിപാടി നടന്നത്.

ദുബായിലെ വൈവിധ്യമായ വാണിജ്യ മേഖലകൾ കൂടുതൽ ഊർജിതപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ ജിഡിആർഎഫ്എ ആവിഷ്കരിക്കുമെന്നും ഫോറത്തിൽ പങ്കെടുത്തവരുടെ ശുപാർശകൾ അടിസ്ഥാനമാക്കി ഈ ചടങ്ങ് തങ്ങളുടെ വാർഷിക പരിപാടികളിൽ ഉൾപ്പെടുത്തുമെന്നും മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി സദസിനെ അഭിസംബോധനം ചെയ്തുകൊണ്ട് പറഞ്ഞു. കഴിഞ്ഞ 18 മാസത്തിനുള്ളിൽ 600 ലധികം പ്രൊജക്ടുകളെ ജിഡിആർഎഫ്എ പിന്തുണക്കുകയും സർക്കാർ പ്രദർശനങ്ങളിൽ അവരുടെ സംരംഭങ്ങളെ പരിചയപ്പെടുത്താൻ അവസരം നൽകുകയും ചെയ്തുവെന്ന് അൽ മർറി കൂട്ടിച്ചേർത്തു.

യുവസംരംഭകർ തങ്ങളുടെ കരിയറിന്‍റെ തുടക്കത്തിൽ നേരിട്ട പ്രധാന വെല്ലുവിളികൾ ചടങ്ങിൽ വിശദീകരിച്ചു. ഔദ്യോഗിക സ്ഥാപനങ്ങളോട് തങ്ങളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാനും അവരുടെ പദ്ധതികൾക്ക് പിന്തുണ നൽകാനും ചടങ്ങിൽ അഭ്യർത്ഥിച്ചു. നിർദിഷ്ട ബിസിനസ് പ്രോജക്റ്റുകൾ വിലയിരുത്തുന്നതിനും അവയുടെ വളർച്ച ഉറപ്പാക്കുന്നതിന് തുടർച്ചയായ പിന്തുണ നൽകുന്നതിനും അവർ ഫോറത്തിൽ ആശയ വിനിമയം നടത്തി. ദുബായ് സർക്കാരിന്‍റെ കുടക്കീഴിൽ ഒരു ഇലക്ട്രോണിക് പ്ലാറ്റ് ഫോം സൃഷ്ടിക്കണമെന്ന് സംരംഭകർ ചടങ്ങിൽ നിർദ്ദേശിച്ചു . ഈ പ്ലാറ്റ്ഫോം വഴി അവരുടെ പ്രോജക്ടുകൾ സ്വീകരിക്കുകയും അവരുടെ ഉൽപ്പന്നങ്ങളുടെ വിപണനത്തിന് കൂടുതൽ അവസരം ഒരുങ്ങുന്നതിന് കൂടുതൽ സാധ്യത തെളിയുമെന്ന് നിർദ്ദേശം ഉയർന്നു. ഫോറത്തിൽ ദുബായ് ജിഡിആർഎഫ്എ ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ അടക്കമുള്ള ഉന്നത മേധാവികളും വിവിധ സർക്കാർ വിഭാഗം മേധാവികളും  സംബന്ധിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.