മാർ ജോസഫ് പൗവ്വത്തിൽ; കുവൈറ്റിലെ സീറോ മലബാർ സഭാമക്കൾക്ക് മറക്കാനാവാത്ത നല്ലിടയൻ

മാർ ജോസഫ് പൗവ്വത്തിൽ; കുവൈറ്റിലെ സീറോ മലബാർ സഭാമക്കൾക്ക് മറക്കാനാവാത്ത നല്ലിടയൻ

ബിജോയ് പാലാക്കുന്നേൽ ( കുവൈറ്റ് എസ് എം സി എ മുൻ പ്രസിഡണ്ട്)

1995, ഗൾഫിലെ ആദ്യ സീറോ മലബാർ അൽമായ കൂട്ടായ്മയായ എസ് എം സി എ കുവൈറ്റ് സ്ഥാപിതമായ വർഷം. കുവൈറ്റിലെ കത്തോലിക്കാ സഭാസംവിധാനം ഇതൊരു വലിയ കോളിളക്കമായി കണ്ട നാളുകൾ. എസ്എംസിഎ ക്കെതിരായി പള്ളിയിലെ നിരന്തരമായ അറിയിപ്പുകളും, ആളുകളെ തിരഞ്ഞുപിടിച്ച്‌ നടത്തുന്ന ഭീഷണികളും, വിവാഹത്തിന് കുറി നിഷേധിക്കൽ പോലെയുള്ള പ്രതികാര നടപടികളുമൊക്കെ അധികാരികളുടെ ഭാഗത്ത് നിന്നു പൊട്ടിപ്പുറപ്പെട്ടു. സ്വന്തം സഭയുടെ മക്കളായി വളരുവാൻ തങ്ങൾക്കുള്ള അവകാശത്തെക്കുറിച്ചു ബോധവാന്മാരായിരുന്ന സംഘടനാ നേതാക്കൾ ആ കൊടുങ്കാറ്റിൽ സ്ഥൈര്യം വിടാതെ മെല്ലെമെല്ലെ എസ് എം സി എ എന്ന യാനപാത്രത്തെ നയിച്ച് തുടങ്ങി.

ശക്തിയും പിന്തുണയും ആവശ്യമായ ഉപദേശങ്ങളും നൽകാൻ ആളില്ലാതെ മാതൃസഭയിലേക്ക് എസ് എം സി എ കൈകൾ നീട്ടിയപ്പോൾ സ്വന്തം രൂപതയിലെ പ്രഗൽഭനായ ഒരു വൈദികനെ- അന്നത്തെ പാറേൽപ്പള്ളി വികാരിയായിരുന്ന ഭാഗ്യസ്മരണാർഹനായ ജോൺ പുരക്കൽ അച്ചനെ- കുവൈറ്റിലേക്ക് വിട്ടു തന്നുകൊണ്ടു ഇടയനടുത്ത സ്നേഹം ചൊരിഞ്ഞത് പൗവ്വത്തിൽ പിതാവായിരുന്നു.

അക്കാലത്ത് സീറോ മലബാർ സഭ ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സഭ (1992 ഡിസംബർ) ആയിക്കഴിഞ്ഞിരുന്നു. സിനഡ് പ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും (1993 മെയ്) പ്രവാസികാര്യ പ്രവർത്തനങ്ങളോ, ഭരണപരമായ ചട്ടക്കൂടുകളോ ശരിയായി നിലവിൽ വന്നിരുന്നില്ല. പൊന്തിഫിക്കൽ ഡെലിഗേറ്റ് ആയിരുന്ന എബ്രഹാം കാട്ടുമന പിതാവിന്റെ ആകസ്മികമായ വേർപാടിനെ തുടർന്ന് (1995 ഏപ്രിൽ) മേജർ ആർച്ച്ബിഷപ്പിന്റെ അധികാരങ്ങൾ ആന്റണി പടിയറ പിതാവിന് ലഭിച്ചു എങ്കിലും ഏതെങ്കിലും ചുവടുകൾ എടുക്കുവാൻ പ്രാപ്തമായിരുന്നില്ല സഭ.

ഇവിടെയാണ് പൗവ്വത്തിൽ പിതാവിന്റെ മനക്കരുത്തും ദീർഘവീക്ഷണവും കുവൈറ്റിലെ സീറോ മലബാർ സമൂഹത്തിനു തുണയായത്.
തുടർന്ന് ചങ്ങനാശേരി അരമനയിലേക്ക് ഫോൺ വിളികളുടെയും ഊമക്കത്തുകളുടെയും ഭീഷണികളുടെയുമൊക്കെ ഒഴുക്കായിരുന്നു. സഭാ തലത്തിലും ചില അന്വേഷണങ്ങൾ ഉണ്ടായി. അവയ്‌ക്കൊക്കെ  കാനൻ നിയമങ്ങളെയും വത്തിക്കാൻ കൗൺസിൽ രേഖകളെയും അടിസ്ഥാനമാക്കി വ്യക്തവും ധീരവുമായ മറുപടികൾ നൽകിക്കൊണ്ട് കുവൈറ്റിലെ സഭാ സമൂഹത്തിനു തങ്ങളുടെ ആവശ്യങ്ങൾ ശരിയാണ്-അത് തങ്ങളുടെ അവകാശമാണ് -എന്ന സന്ദേശം അദ്ദേഹം നൽകി.

1997 ൽ എസ് എം സി എ കുവൈറ്റിന്റെ രണ്ടാമത് പ്രവർത്തന വർഷത്തിൽ മാർ ജോസഫ് പൗവ്വത്തിൽ കുവൈറ്റ് സന്ദർശിച്ചു. അന്നത്തെ കുവൈറ്റ് ബിഷപ്പ് ഫ്രാൻസീസ് മിഖാലിഫ് OCD ഈ സന്ദർശനം തടയുവാൻ കാനോനികമായ വഴികൾ തേടി. എന്നാൽ കുവൈറ്റ് പോലെയുള്ള ഒരു പ്രവാസലോകത്ത് തന്റെ ആടുകളെ സന്ദർശിക്കുവാൻ ഒരു പ്രാദേശിക സഭയുടെ മെത്രാനുള്ള അവകാശം നിഷേധിക്കുവാൻ ആ ശ്രമങ്ങൾക്കായില്ല. ഉറച്ച ബോധ്യം പകർന്നു കൊണ്ട് കുവൈറ്റിലെ നസ്രാണികളിൽ ആവേശം നിറച്ച ആ സന്ദർശനം ഒരു ചരിത്ര സംഭവമായിരുന്നു. അബ്ബാസിയായിലും മറ്റു മലയാളി പ്രവാസി കേന്ദ്രങ്ങളിലും അദ്ദേഹം സന്ദർശനം നടത്തിയപ്പോൾ ആ വലിയ പോരാളിയെ, കാണുവാൻ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ വഴിയരികിൽ കാത്ത് നിന്നു.ചെറിയ ചെറിയ വാക്കുകളിലൂടെ ആഗോള കത്തോലിക്കാ സഭയിൽ സീറോ മലബാർ എന്ന വ്യക്തിസഭയുടെ വ്യതിരിക്തമായ സ്ഥാനത്തെക്കുറിച്ചും അത് ആഗോള സഭ എത്രമാത്രം വിലപ്പെട്ടതായി കാണുന്നുവെന്നും, സത്വബോധത്തിൽ അടുത്ത തലമുറ വളർന്നില്ലെങ്കിൽ ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ചും പിതാവ് അവരെ ഉദ്ബോധിപ്പിച്ചു.

പിതാവിന്റെ സന്ദർശനം അന്നത്തെ വികാരി അപ്പസ്തോലിക്കാക്ക് തീരെ സ്വീകാര്യമായിരുന്നില്ലെങ്കിലും പ്രകോപിതനാകാതെ അതിനെ നേരിട്ട്‌ പരിമിതമായ സമയത്തേക്കാണെങ്കിൽ പോലും ഒരു കൂടിക്കാഴ്ചക്ക് അവസരം ലഭ്യമാക്കിയത് സീറോ മലബാർ സഭയുടെ ചരിത്രത്തിലെ തന്നെ ഒരു വലിയ ചുവട് ആയിരുന്നു. സീറോ മലബാർ മക്കളുടെ അജപാലന ആവശ്യങ്ങൾ സംബന്ധിച്ച് സഭാപിതാക്കന്മാരുടെ തലത്തിലെ ആദ്യ ചർച്ച ആയിരുന്നു അത്.

തങ്ങളുടെ പിതാവിനോട് കുവൈറ്റിലെ സഭാധികാരികൾ കാട്ടിയ പരസ്യമായ അവഗണന സീറോ മലബാർ വിശ്വാസികൾക്ക് വലിയ വേദന ഉണ്ടാക്കി. അവരെ ശാന്തമാക്കി സഭക്ക് ഇണങ്ങുന്ന രീതിയിൽ മാത്രം പ്രതികരിക്കുവാൻ പിതാവ് പ്രത്യേകം ശ്രദ്ധിച്ചു. അന്നത്തെ ഇന്ത്യൻ അംബാസിഡർ ആയിരുന്ന ബി എം സി നായർ ആണ് ഈ സമയമെല്ലാം വലിയ പിന്തുണ നൽകിയത്. പിതാവിന്റെ സന്ദർശനത്തിനുള്ള വിസ നൽകിയതുമുതൽ ആ സന്ദർശനം പൂർത്തിയാവുന്നതു വരെ അദ്ദേഹം നൽകിയ സ്നേഹം സഭാ തലത്തിൽ ഉണ്ടായ അവഗണയുടെ ശരങ്ങൾക്ക് മുൻപിലും എല്ലാവർക്കും വലിയ സ്വാന്തനമായി.

തന്റെ മടക്ക യാത്രക്ക് മുൻപ് എസ് എം സി യുടെ സ്ഥാപക സെക്രട്ടറിയും ഈ അത്മായ മുന്നേറ്റത്തിന്റെ കമാണ്ടറുമായിരുന്ന ജേക്കബ് പൈനാടത്തിനെ ചേർത്തുനിർത്തി തലയിൽ കൈവെച്ചനുഗ്രഹിച്ചു കൊണ്ട് പിതാവ് പറഞ്ഞു "ഒരു  രൂപത തങ്ങളുടെ വിശ്വാസികൾക്കുവേണ്ടി ചെയ്യുന്നതിൽ കൂടുതൽ കാര്യങ്ങൾ തീഷ്ണതയോടെ നിങ്ങൾ ചെയ്യുന്നുണ്ട്. ഈ കാര്യങ്ങൾ ശരിയുടെ വഴിയിലൂടെ ആണ് ചരിക്കുന്നത്. ലക്ഷ്യബോധം നഷ്ടപ്പെടാതെ പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടു പോവുക." ഇന്നും എസ് എം സി എ കുവൈറ്റിനു പ്രചോദനമാണ് ആ വാക്കുകൾ. ഇവിടുത്തെ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു റിപ്പോർട്ട് തയ്യാറാക്കി സിനഡിന്റെ മുൻപാകെ സമർപ്പിക്കണമെന്നും എല്ലാ പിതാക്കന്മാരെയും കാര്യങ്ങൾ ധരിപ്പിക്കണമെന്നും വത്തിക്കാനിലേക്ക് ഉള്ള നിരന്തരമായ അപേക്ഷകൾ ഉണ്ടാവണമെന്നും അന്ന് അദ്ദേഹം നിർദ്ദേശിച്ചു. ആ വർഷം തന്നെ ജോയ് തുമ്പശ്ശേരിയുടെ നേതൃത്വത്തിൽ എസ് എം സി എ പ്രതിനിധികൾ മേജർ ആർച്ച്ബിഷപ്പിനെ സന്ദർശിച്ചു റിപ്പോർട്ട് കൈമാറി. തൊട്ടടുത്ത വർഷം കേരളത്തിന്റെ വടക്കു മുതൽ തെക്കുവരെയുള്ള എല്ലാ കാത്തോലിക്ക രൂപതാസ്ഥാനങ്ങളും എസ് എം സി എ സംഘം സന്ദർശിച്ചു. ഗൾഫിലെ പ്രവാസികളുടെ അജപാലനാവശ്യങ്ങൾ പല തവണ മെമ്മോറാണ്ടങ്ങളായി വത്തിക്കാനിൽ സമർപ്പിക്കപ്പെട്ടു. ഇവക്കെല്ലാം ശക്തിയായത് പൗവ്വത്തിൽ പിതാവിന്റെ ആ സന്ദർശനവും ഉപദേശങ്ങളും ആണ്.


തന്റെ സന്ദർശന വേളയിൽ എസ് എം സി എ ബാലദീപ്തിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചുകൊണ്ടു പിതാവ് ഇന്ത്യൻ ആർട്സ് സർക്കിളിൽ നടത്തിയ പ്രസംഗം ഓർക്കുകയാണ്. കുവൈറ്റിൽ ജനിച്ചു വളരുന്ന സീറോമലബാർ മക്കൾക്ക് മുന്നോട്ടുള്ള യാത്രയിൽ പ്രകാശഗോപുരമായി അത് മാറി. അന്ന് ആ മീറ്റിങ്ങിൽ പങ്കെടുത്ത ഒരാൾ വൈദികനും ഒരാൾ സന്യാസിനിയും ആയി സേവനം ചെയ്യാൻ പിന്നീട് വിളിക്കപ്പെട്ടതും ഓർക്കേണ്ടതുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ രേഖകളിൽ നിന്ന് (അത്മായർ 12) അദ്ദേഹം അന്ന് ഉദ്ധരിച്ച വാക്കുകൾ പിന്നീട് ബാലദീപ്തിയുടെ നിയമാവലിയുടെ തന്നെ ഭാഗമായി. ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം ബാലദീപ്തി ജുബിലി ഉദ്ഘാടനം ചെയ്തതും ആ പ്രവാചകശബ്ദമാണ് എന്നതും ഒരു ചരിത്രമായി.

"ദൈവ വിശ്വാസം കൈമുതലാക്കി വിശുദ്ധ വചനങ്ങളുടെ വെളിച്ചത്തിലുള്ള തീരുമാനങ്ങൾ എടുത്ത് ആരാധനാ ക്രമത്തിൽ നിന്ന്- അൾത്താരയിൽ നിന്ന് - ഊർജ്ജം സ്വീകരിച്ചു വേണം വ്യക്തി ജീവിതത്തിലും സമൂഹ ജീവിതത്തിലും മുന്നേറുവാൻ. അപ്പോൾ നിങ്ങൾ മറ്റുള്ളവർക്ക് നന്മ ചെയ്യന്നവരാകും, അനേകർക്ക് മാതൃകയാവും." പിതാവിന്റെ ഈ വാക്കുകൾ എസ്എംസി എ യുടെ നാളിതുവരെയുള്ള പ്രവർത്തങ്ങളിൽ കാത്തുസൂക്ഷിക്കുവാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.

അഭിവന്ദ്യ പിതാവിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം. കുവൈറ്റിലെ സീറോ മലബാർ മക്കളുടെ ഓർമ്മയിലും പ്രാർത്ഥനയിലും ഒളിമങ്ങാതെ അങ്ങയുടെ സാന്നിധ്യം ഉണ്ടാവും.


ജനഹൃദയങ്ങളിലെ പൗവ്വത്തിൽ പിതാവ് എന്ന ഈ പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.