ദുബായ് : അജപാലന ദൗത്യത്തിൽ കറതീർന്ന ഇടയൻ, ദൈവ വിശ്വാസത്തിൽ അടിയുറച്ച വിശ്വാസി, മത സൗഹാർദ്ദത്തിന്റെ ശക്തനായ വക്താവ്, മികച്ച നേതൃ പാടവമുള്ള വ്യക്തി ..പൗവത്തിൽ പിതാവ് 92 വര്ഷങ്ങള്ക്കു ശേഷം യാത്രയാകുമ്പോൾ നമുക്ക് നഷ്ടമാകുന്നത് സമാനതകളില്ലാത്ത വിശുദ്ധനായ ഒരു വ്യക്തിത്വമാണ്.
1977 മുതൽ 1985 വരെ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായും 1985 മുതൽ 2007 വരെ ചെങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായും സേവനം ചെയ്ത സീറോ-മലബാർ സഭയുടെ ഏറ്റവും സ്നേഹസമ്പന്നനായ പിതാവിനെയാണ്, പൗവത്തിൽ പിതാവിന്റെ വേർപാടിലൂടെ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. താൻ വിശ്വസിക്കുന്ന കാര്യങ്ങളിലുള്ള ഉറച്ച നിലപാടുകളും, നിലപാടുകളിലെ വ്യക്തതയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. സാമൂഹികമായും രാഷ്ട്രീയമായും വ്യക്തമായ നിലപാടുകൾ ഉണ്ടായിരുന്നപ്പോഴും വ്യക്തിപരമായ ബന്ധങ്ങൾ സൂക്ഷിച്ചിരുന്ന ഒരു ഉന്നത വ്യക്തിത്വമായിരുന്നു, എന്നും ജീവിത വിശുദ്ധി കാത്തുസൂക്ഷിച്ച ആദർശ ധീരനും കർമ്മ നിരതനുമായിരുന്ന ജോസഫ് പൗവത്തിൽ പിതാവ്. ക്രിസ്തുവിൽ ഊന്നി നിന്നുകൊണ്ട്, സഭ എനിക്ക് ജീവിതമാണ് എന്നാണ് പൗവത്തിൽ പിതാവ് പറഞ്ഞിരുന്നത്.
CBCI പ്രസിഡന്റ് KCBC ചെയർമാൻ തുടങ്ങി പൗവത്തിൽ പിതാവ് വഹിച്ച സ്ഥാനങ്ങൾ, പദവികൾ നിരവധിയാണ്. ജനങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം സ്ഥാപിച്ചതാണ് മലനാട് ഡെവലപ്മെന്റ് സൊസൈറ്റി, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി തുടങ്ങിയവ. അവ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം വലുതാണ്.
1972 ൽ യുവദീപ്തി എന്ന പേരിൽ തുടങ്ങി ഇന്ന് KCYM എന്ന വലിയ യുവജന പ്രസ്ഥാനമായി മാറിയിരിക്കുന്നു സീറോമലബാർ യൂത്ത് മൂവ്മെന്റ് പൗവത്തിൽ പിതാവിന്റെ ആശയമായിരുന്നു. പ്രവാസികളോട് പിതാവിനെ പ്രത്യേക സ്നേഹവും താല്പര്യവുമായിരുന്നു. കുവൈറ്റിൽ എസ് എം സി എ യുടെ തുടക്കത്തിനും നിലനില്പിനും പിതാവ് നൽകിയ ശക്തമായ പിന്തുണയും പ്രോത്സാഹനവും ശ്രദ്ധേയമാണ്. ഇന്ന് എല്ലാ ഗൾഫ് രാജ്യങ്ങളിലും ശക്തമായ എസ് എം സി എ എന്ന സീറോ മലബാർ അൽമായ സംഘടന ശക്തമായി പ്രവർത്തിക്കുന്നെകിൽ അതിന് പ്രവാസികൾ പൗവത്തിൽ പിതാവിനോട് കടപ്പെട്ടിരിക്കുന്നു എന്ന് നിസംശയം പറയാം.
ഇങ്ങനെ തന്റെ സഭാ ജീവിതത്തിൽ സാമൂഹിക ജീവിതത്തിൽ ഏറ്റെടുത്ത എല്ലാ മേഖലകളിലും ആത്മാര്ഥതയുടെയും സ്നേഹത്തിന്റെയും കൈയ്യൊപ്പും വ്യക്തി മുദ്രയും പതിപ്പിച്ച വിശുദ്ധനായ ഒരു ഇടയനെയാണ് നമുക്ക് അദ്ദേഹത്തിന്റെ ദേഹ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരുക്കുന്നത് . തന്നിൽ ഭരമേല്പിച്ച കാര്യങ്ങൾ ഭംഗിയായി നിർവഹിച്ചാണ്, തന്നെത്തന്നെ ഒരു നൈവേദ്യമായി സ്വയം സമർപ്പിച്ചിരുന്ന പിതാവ് നിത്യസമ്മാനത്തിനായി സ്വർഗ്ഗകവാടത്തിൽ എത്തിയിരിക്കുന്നത്. നല്ല ഓട്ടം ഓടിയ പിതാവിനെ ദൈവം നിത്യ സമ്മാനം നൽകി അനുഗ്രഹിക്കട്ടെ.
ദുബായ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി, കഴിഞ്ഞ ദിവസം ചേരുകയും പിതാവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി, അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. പിതാവുമായുള്ള സൗഹൃദ ബന്ധങ്ങൾ ഓർത്തെടുത്തുകൊണ്ട് പ്രസിഡന്റ് മനോജ് തോമസ്, വിപിൻ വർഗീസ്, ബെന്നി മാത്യു, പ്രതാപ് ജെയിംസ്, ബെന്നി തോമസ്, ദിപു സെബാസ്റ്റ്യൻ തുടങ്ങിയവർ പിതാവിനെ അനുസ്മരിച്ചു. പിതാവുമായുള്ള സ്നേഹബന്ധം അവരുടെ ജീവിതത്തിൽ എത്രമാത്രം സ്വാധീനിച്ചു എന്ന് ഓരോരുത്തരുടെയും വാക്കുകളിൽ പ്രകടമായിരുന്നു.
സഭാമക്കളെ എന്നും കരുതലോടെയും വാത്സല്യത്തോടെയും സ്നേഹിച്ചിരുന്ന പൗവത്തിൽ പിതാവിന് ദുബായ് സീറോമലബാർ കമ്മ്യൂണിറ്റിയുടെ എല്ലാ ആദരാഞ്ജലികളും പ്രാർത്ഥനകളും അർപ്പിക്കുന്നു. സഭയുടെ കിരീടം എന്ന് ബനഡിക്ട് പതിനാറാമൻ പപ്പാ വിശേഷിപ്പിച്ച അഭിവന്ദ്യ പിതാവിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v